ഇരുകൈകള്‍ കൊണ്ടും ബൗള്‍ ചെയ്യും; ബാറ്റിങ്ങിലും വെടിക്കെട്ട് പ്രകടനം; ക്രിക്കറ്റ് ലോകത്ത് അത്ഭുതം തീര്‍ത്ത് മൊകിത് ഹരിഹരന്‍

single-img
25 July 2018

ക്രിക്കറ്റ് ലോകത്ത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത കായിക വിരുതുമായി തമിഴ്‌നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ശ്രദ്ധ നേടിയിരിക്കുകയാണ് മൊകിത് ഹരിഹരന്‍ എന്ന യുവാവ്. വിബി കാഞ്ചി വീരന്‍സ് ടീമംഗമാണ് ഈ കൗമാരതാരം. കഴിഞ്ഞ ദിവസം ദിണ്ടിഗല്‍ ഡ്രാഗണ്‍സിന് എതിരായ ടി20 മത്സരത്തിലാണ് ഇദ്ദേഹം ഇരു കൈകള്‍ കൊണ്ടും ബോള്‍ ചെയ്തത്.

ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനെതിരെ ലെഫ്റ്റ് ആം സ്പിന്നാണ് ഇദ്ദേഹം ആദ്യം പുറത്തെടുത്തത്. എന്നാല്‍ വലംകൈയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ അദ്ദേഹം വലതുകൈ കൊണ്ട് ബോള്‍ ചെയ്തതോടെ ബാറ്റ്‌സ്മാന്മാരും ആശയകുഴപ്പത്തിലായി. തന്റെ വേറിട്ട കഴിവിലൂടെ ആരാധകരുടെയും പ്രീമിയര്‍ ലീഗിന്റെയും ശ്രദ്ധയാകര്‍ഷിച്ചെങ്കിലും മോകിതിന് ഒരു വിക്കറ്റ് പോലും നേടാനായില്ല.

ബാറ്റ് കൊണ്ടും തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. 50 പന്തില്‍ നിന്ന് 77 റണ്‍സ് എടുത്ത മോകിത് അഞ്ച് വീതം സിക്‌സും ഫോറും നേടി. 20 ഓവറില്‍ മോകിതിന്റെ ബലത്തില്‍ 166 റണ്‍സാണ് വീരന്‍സ് നേടിയത്. എന്നാല്‍ ഡ്രാഗണ്‍സ് ഈ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ലീഗില്‍ ഏഴാം സ്ഥാനത്തുളള വീരന്‍സിന് അടുത്ത മത്സരം മധുരൈ പാന്തേര്‍സുമായാണ്.