മോദിയുടെ തിരഞ്ഞെടുപ്പ് റാലികളുടെ ചെലവ് വഹിക്കുന്നതാര്?; ബിജെപിയെ വെട്ടിലാക്കി ശിവസേന

single-img
25 July 2018

പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലിക്ക് ആരാണ് ഫണ്ടു നല്‍കുന്നതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ശിവസേന. അഴിമതി വിരുദ്ധ ഭേദഗതി ബില്‍ നടപ്പിലാക്കുന്നതിനേക്കുറിച്ചുള്ള ലോക്‌സഭ ചര്‍ച്ചയ്ക്കിടയിലായിരുന്നു ശിവസേനയുടെ രൂക്ഷ വിമര്‍ശനം.

മോദി പ്രധാനമന്ത്രി പദം രാജിവച്ച് എം.പിമാരെ പോലെ പ്രചാരണത്തിനിറങ്ങണമെന്നും ശിവസേന എം.പി അരവിന്ദ് സാവന്ത് പറഞ്ഞു. അഴിമതിക്കാരുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ചും റിലയന്‍സ് ജിയോയുടെ പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ചതിനെതിരെയും സാവന്ത് രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു.

‘ അഴിമതിയ്‌ക്കെതിരെ ശക്തിയുക്തം വാദിക്കുന്നവരാണ് ബിജെപിയെങ്കില്‍ തിരഞ്ഞെടുപ്പകളെ ഇവര്‍ എങ്ങിനെ നേരിടുന്നുവെന്ന് വ്യക്തമാക്കണം. പ്രധാനമന്ത്രി ഒരു രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത് അല്ലാതെ ഒരു പാര്‍ട്ടിയെ അല്ല. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം റാലികള്‍ സംഘടിപ്പിക്കുമ്പോള്‍ അതിന്റെ ചെലവ് ആരാണ് വഹിക്കുന്നത്? സര്‍ക്കാരോ അതോ പാര്‍ട്ടിയോ?’ സാവന്ത് ആരാഞ്ഞു.

നോട്ട് നിരോധനത്തിനെതിരെയും സാവന്ത് വിമര്‍ശനം ഉന്നയിച്ചു. ‘നോട്ട് നിരോധനത്തിലൂടെ കള്ളപ്പണവും അഴിമതിയും തീവ്രവാദവും ഇല്ലാതാകുമെന്ന് പറഞ്ഞു. എന്നിട്ട് അഴിമതി ഇല്ലാതായോ? കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനായോ? തീവ്രവാദം ഇല്ലാതായോ? രാജ്യത്തെ 600 പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. നമ്മള്‍ തീര്‍ത്തും പാരാജയപ്പെട്ടു. പ്രധാനമന്ത്രി പദം രാജിവച്ച് മോദി തിരഞ്ഞെടുപ്പിനെ നേരിടണം. എന്നാല്‍ മാത്രമേ ഈ ചിലവാക്കുന്ന പണത്തിന്റെ സ്രോതസ്സുകളെക്കുറിച്ച് അദ്ദേഹത്തിന് മനസ്സിലാവുകയുള്ളു’ സാവന്ത് ആരോപിക്കുന്നു.

അഴിമതിയ്‌ക്കെതിരെ ബിജെപിയ്ക്ക് ഒരു വിരലനക്കാന്‍ പോലും ആകില്ലെന്ന് ശിവസേന എം.പി പറഞ്ഞു. അഴിമതിക്കാരുമൊത്ത് തോളില്‍ കയ്യിട്ട് പ്രവര്‍ത്തിക്കുന്ന ബിജെപിയ്‌ക്കെങ്ങനെ അഴിമതിയ്‌ക്കെതിരെ സംസാരിക്കാനാകുമെന്നും സാവന്ത് ചോദ്യമുന്നയിച്ചു. അഴിമതിക്കാരായവരെ സ്വീകരിച്ചിരുത്തുന്ന ബിജെപി അവര്‍ പാര്‍ട്ടിയിലെത്തിയാല്‍ വാല്മീകിയാകുന്നതെങ്ങിനെയെന്നും സാവന്ത് പരിഹസിച്ചു.