ലോകക്രിക്കറ്റില്‍ വീണ്ടും ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം: മത്സരം സെപ്റ്റംബര്‍ 18ന്

single-img
25 July 2018

ലോകക്രിക്കറ്റില്‍ വീണ്ടും ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരത്തിന് വേദിയൊരുങ്ങുന്നു. ഏഷ്യ കപ്പ് മല്‍സരത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുക. 2018 സെപ്റ്റംബര്‍ 19ന് ദുബായില്‍ വച്ചാണ് ഇന്ത്യ പാക്ക് മല്‍സരം. ചൊവ്വാഴ്ചയാണ് ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ മല്‍സര ക്രമം ഐസിസി പ്രഖ്യാപിച്ചത്.

സെപ്റ്റംബര്‍ 18നാണ് ഏഷ്യകപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം. ഈ മല്‍സരത്തില്‍ എതിരാളികള്‍ ആരാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പാക്കിസ്ഥാനും യോഗ്യത നേടുന്ന മറ്റൊരു രാഷ്ട്രവുമാണ് ഇന്ത്യയടങ്ങുന്ന എ ഗ്രൂപ്പിലെ ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളാണ്.

ഇരു ഗ്രൂപ്പുകളില്‍ നിന്നും മികച്ച രണ്ട് ടീമുകള്‍ വീതം സൂപ്പര്‍ ഫോറിലേക്ക് കടക്കും. സെപ്റ്റംബര്‍ 28നാണ് ഫൈനല്‍. സെപ്റ്റംബര്‍ 15ന് യുഎഇയില്‍ തുടക്കമാകുന്ന ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടം ബംഗ്ലദേശും ശ്രീലങ്കയും തമ്മിലാണ്. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാന്‍ ടീമുകള്‍ക്കാണ് നിലവില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് യോഗ്യതയുള്ളത്. യുഎഇ, സിംഗപ്പൂര്‍, ഒമാന്‍, നേപ്പാള്‍, മലേഷ്യ, ഹോങ്കോങ് എന്നിവയില്‍ ഒരു ടീമിനും മല്‍സരത്തില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും.

അവസാനമായി ഏകദിനത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ കലാശ പോരാട്ടത്തിലാണ് ഇന്ത്യ പാക്കിസ്ഥാന്‍ ടീമുകള്‍ തമ്മില്‍ മാറ്റുരച്ചത്. പക്ഷേ, ഇന്ത്യയെ മറികടന്ന് പാക്കിസ്ഥാന്‍ കിരീടം സ്വന്തമാക്കി. ഇതോടെ പാക്കിസ്ഥാനെ തോല്‍പ്പിക്കാനുള്ള അവസരത്തിനായി വിരാട് കോലിയും സംഘവും കാത്തിരിക്കുകയായിരുന്നു. അതിനുള്ള അവസരം ഇപ്പോള്‍ കൈവന്നിരിക്കുകയാണ്.