ധോണിക്ക് വീണ്ടും ഒന്നാം റാങ്ക്; പക്ഷേ ക്രിക്കറ്റില്‍ അല്ല

single-img
25 July 2018

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ഒരു പുതിയ റെക്കോര്‍ഡ് കൂടി ലഭിച്ചിരിക്കുന്നു. കളിക്കളത്തിലെ പ്രകടനത്തിനല്ല പക്ഷേ, ഇത്തവണ റെക്കോര്‍ഡ്. ധോണിയുടെ സ്വന്തം നാടായ ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന വ്യക്തി എന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ തേടിയെത്തിയത്.

2017-18 സാമ്പത്തിക വര്‍ഷം 12.17 കോടി രൂപയാണ് ധോനി നികുതി നല്‍കിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മൂന്നുകോടി രൂപ മുന്‍കൂര്‍ നികുതിയായും നല്‍കിയിട്ടുണ്ട്. ആദായനികുതി കമ്മീഷണര്‍ വി. മഹാലിംഗം നല്‍കിയ വിവരം അനുസരിച്ച് 10.93 കോടിയാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ധോനി നികുതി അടച്ചത്.

നേരത്തെ ഇംഗ്ലണ്ടില്‍ നടന്ന പരമ്പരയ്ക്കിടെ 50 റണ്‍സിനു മുകളില്‍ ബാറ്റിങ് ശരാശരിയോടെ ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ധോനി സ്വന്തമാക്കിയിരുന്നു. സച്ചിനും ഗാംഗുലിക്കും ശേഷം വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരവും ധോനിയാണ്.