മുന്‍ഭാര്യക്ക് ജീവനാംശമായി നല്‍കിയത് 24,600 രൂപയുടെ നാണയങ്ങള്‍; കോടതിയില്‍ നാടകീയരംഗങ്ങള്‍

single-img
25 July 2018

വിവാഹ മോചന കേസ് പരിഗണിക്കുകയായിരുന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി കഴിഞ്ഞദിവസം അഭിമുഖീകരിച്ചത് മുന്‍പെങ്ങുമുണ്ടാകാത്ത പ്രതിസന്ധിയായിരുന്നു. ചൊവ്വാഴ്ച തീര്‍പ്പാകേണ്ട കേസ് ജൂലായ് 27ലേക്ക് മാറ്റാന്‍ സെഷന്‍സ് ജഡ്ജി രജനിഷ് കെ ശര്‍മ നിര്‍ബന്ധിതനായി.

കാരണം മറ്റൊന്നുമല്ല, ജീവനാംശമായി കോടതിയിലെത്തിയ തുക എണ്ണിത്തിട്ടപ്പെടുത്താന്‍ ഒരാഴ്ച വേണമായിരുന്നു. മുന്‍ ഭാര്യയ്ക്ക് നല്‍കേണ്ട 24,600 രൂപയാണ് അഭിഭാഷകനായ ഭര്‍ത്താവ് ജീവനാംശമായി കോടതിയിലെത്തിച്ചത്. ഒരു രൂപയുടെയും രണ്ടു രൂപയുടെയും നാണയങ്ങളായിരുന്നു ഈ തുക മുഴുവന്‍.

ഇത് എണ്ണിത്തിട്ടപ്പെടുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇതു തിരിച്ചറിഞ്ഞാണ് കോടതി കേസ് മാറ്റിയത്.
രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് നല്‍കാനുണ്ടായിരുന്ന രണ്ടു മാസത്തെ ജീവനാംശമായി 50,000 രൂപ നല്‍കാന്‍ കോടതി വിധിച്ചത്. തുടര്‍ന്നാണ് ഒരു ബാഗ് നിറയെ നാണയങ്ങള്‍ ഭര്‍ത്താവ് കോടതിയില്‍ സമര്‍പ്പിച്ചത്.

2015 ലാണ് ഇരുവരും കോടതിയില്‍ വിവാഹമോചനത്തിന് ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്നുള്ള കോടതി നടപടികള്‍ക്കൊടുവില്‍ മുന്‍ഭാര്യക്ക് ഭര്‍ത്താവ് പ്രതിമാസം 25,000 രൂപ ജീവനാംശമായി നല്‍കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. ജീവനാംശം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് മുന്‍ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.

ഇതോടെ രണ്ടു മാസത്തെ തുക ഒരുമിച്ച് കെട്ടിവെക്കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഉത്തരവില്‍ നൂറിന്റെയും 500 ന്റെയും നോട്ടുകളായി തുക നല്‍കണമെന്ന് വ്യക്തമാക്കാത്തതു കൊണ്ടാണ് നാണയങ്ങളായി നല്‍കിയതെന്ന് ഭര്‍ത്താവ് കോടതിയെ അറിയിച്ചു. ഏതായാലും നാണയത്തുട്ടുകള്‍ എണ്ണിത്തീര്‍ക്കാന്‍ വേണ്ടി കോടതി കേസ് മാറ്റിവച്ചിരിക്കുകയാണ്.

തനിക്ക് പണത്തിന് വളരെയേറെ അത്യാവശ്യമുണ്ടെന്ന് ഭാര്യ പറയുന്നു. നിരവധി തവണ കോടതിയില്‍ കേസ് പരിഗണിച്ചതിനു ശേഷമാണ് ഒടുവില്‍ വിധി വന്നത്. അനുകൂല വിധിയുണ്ടായെങ്കിലും ഒരു ബാഗ് നിറയെ നാണയങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇതുകൊണ്ട് എന്തുചെയ്യും? തന്നെ ബുദ്ധിമുട്ടിക്കാനും പീഡിപ്പിക്കാനുമുള്ള മാര്‍ഗമായാണ് മുന്‍ ഭര്‍ത്താവ് ഇങ്ങനെ ചെയ്തതെന്ന് ഭാര്യ ആരോപിക്കുന്നു.