മഴക്കാലത്ത് വാഹനം എങ്ങനെ സംരക്ഷിക്കാം

single-img
25 July 2018

കോരിച്ചൊരിയുന്ന മഴ വശ്യമായ അനുഭൂതിയാണ് സമ്മാനിക്കുന്നത്. തുള്ളിക്കൊരു കുടം കണക്കെ മഴ പെയ്യുമ്പോള്‍ അത് ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ഇങ്ങനെ ഒരു വശത്ത് മഴ മനസ്സിന് കുളിര് പകരുമ്പോള്‍ മറുവശത്ത് ചില അപകടങ്ങളും പതിയിരിക്കുന്നുണ്ട്.

പ്രത്യേകിച്ചും റോഡുകളില്‍. മഴക്കാലത്താണ് റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു. വാഹനങ്ങള്‍ക്ക് വേണ്ട രീതിയിലുള്ള പരിചരണം നല്‍കാത്തതും അമിത വേഗത്തോടെയും അശ്രദ്ധയോടെയുമുള്ള ഡ്രൈവിംഗുമാണ് മഴക്കാല അപകടങ്ങളുടെ പ്രധാന കാരണം.

മഴവെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:

1. പരമാവധി ടയര്‍ ലവലിന് മുകളിലുള്ള വെള്ളക്കെട്ടുകളിലുടെ വാഹനം ഓടിക്കാതിരിക്കുക.

2. വെള്ളക്കെട്ടുകളിലുടെ ഫസ്റ്റ് അല്ലങ്കില്‍ സെക്കന്റ് ഗിയറുകളില്‍ മാത്രം വാഹനം ഓടിക്കുക.

3. വെള്ളക്കെട്ടുകള്‍ കാണുമ്പോള്‍ വേഗതയില്‍ വെള്ളം തെറിപ്പിച്ച് വാഹനം ഓടിക്കുമ്പോള്‍ ബോണറ്റിനുള്ളിലേക്ക് വെള്ളം തെറിക്കുകയും, അത് എയര്‍ ഫില്‍റ്റര്‍ ഇന്‍ടേക്ക് വഴി എന്‍ജിന് ഉള്ളിലേക്ക് കടന്ന് എന്‍ജിന് കേട് സംഭവിക്കുകയും ചെയ്യും.

4. വെള്ളക്കെട്ടുകള്‍ക്കുള്ളില്‍ വലിയ ഗട്ടറുകള്‍, വലിയ കല്ലുകള്‍ ഇവ ഉണ്ടകാന്‍ സാദ്ധ്യത ഉള്ളതിനാല്‍ വാഹനത്തിന്റെ അടി ഭാഗത്തിന് കേടുപാടുകള്‍ സംഭവിക്കാം. ഗിയര്‍ ബോക്‌സ്, സസ്പന്‍ഷന്‍, ബയറിംങ് ഇവക്കെല്ലാം കേടുപറ്റാം.

5. പരമപ്രധാനമായി ശ്രദ്ധിക്കേണ്ടത് സൈലന്‍സറിന് മുകളില്‍ വെള്ളം ഉള്ളിടത്തുവച്ച് വാഹനം നിന്ന് പോയാല്‍ ഒരു കാരണവശാലും വീണ്ടും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുത്. ശ്രമിച്ചാല്‍ സൈലന്‍സറിനുള്ളിലൂടെ വെള്ളം എന്‍ജിനുള്ളില്‍ പ്രവേശിക്കും. അതോടെ എന്‍ജിന്‍ പൂര്‍ണമായും നശിക്കും. ഇന്‍ജക്ടര്‍ അടക്കം എന്‍ജിനുള്ളിലെ എല്ലാ ഘടകങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കും, അതിനാല്‍ വെള്ളക്കെട്ടിന് പുറത്ത് എത്തിച്ച ശേഷം മാത്രം വാഹനം സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുക

മഴക്കാലത്ത് അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങല്‍ ശ്രദ്ധിക്കുക:

വൈപ്പര്‍: മഴയത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന ഘടകങ്ങളിലൊന്നാണ് വൈപ്പര്‍. വാഹനത്തില്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്ന ഘടകവും ഒരുപക്ഷേ വൈപ്പറുകള്‍ തന്നെയാകും. ഭൂരിഭാഗം കാറുകളുടെ വൈപ്പറുകളും മാറ്റിവയ്‌ക്കേണ്ട കാലാവധി കഴിഞ്ഞാലും ഞെരുങ്ങിയും കരഞ്ഞുമാണ് ഓടുന്നത്. വൈപ്പറുകള്‍ ഉപയോഗശൂന്യമാകാന്‍ ഒരുപാട് ഉപയോഗിക്കണമെന്നൊന്നുമില്ല. ഉപയോഗിച്ചില്ലെങ്കില്‍പ്പോലും റബര്‍ പെട്ടെന്ന് ഉപയോഗശൂന്യമാകും. മഴക്കാലമെത്തുമ്പോള്‍ പുതിയ വൈപ്പര്‍ ഇടുന്നതായിരിക്കും നല്ലത്.

ഹെഡ്‌ലൈറ്റ്: മഴയുള്ള രാത്രികളില്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ പെട്ടെന്നായിരിക്കും ഹെഡ്‌ലൈറ്റ് ഫ്യൂസ് ആകുന്നത്. അതുകൊണ്ടുതന്നെ ഹെഡ്‌ലൈറ്റിന്റെ കാര്യക്ഷമത ഇടയ്‌ക്കൊന്നു പരിശോധിക്കണം. മഴക്കാലം തുടങ്ങുന്നതിനു മുമ്പ് ഹെഡ്‌ലൈറ്റ് മാറ്റുന്നതും നന്നായിരിക്കും.

ഇലക്ട്രിക്കല്‍ പാര്‍ട്‌സ്: വാഹനത്തിലെ ഇലക്ട്രിക്കല്‍ സംവിധാനം മഴക്കാലത്ത് പണിമുടക്കാനുള്ള സാധ്യത ഏറെയാണ്. വൈപ്പറും ഹെഡ്‌ലൈറ്റും തുടങ്ങി പ്രധാനപ്പെട്ട പാര്‍ട്‌സുകള്‍ പണി മുടക്കിയാല്‍ മഴയത്ത് പെട്ടുപോയതു തന്നെ. വൈപ്പറും പാര്‍ക്ക് ലാംപും ഏതാണ്ട് സ്ഥിരമായിത്തന്നെ ഉപയോഗിക്കേണ്ടിവരുന്ന സമയമായതിനാല്‍ ബാറ്ററി ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ക്ക് ജോലിഭാരമേറും. ബാറ്ററി, ഓള്‍ട്ടര്‍നേറ്റര്‍, സ്റ്റാര്‍ട്ടര്‍, ഇന്‍ഡിക്കേറ്റര്‍ ബ്രേക്ക് പാര്‍ക്ക് റിവേഴ്‌സ് ഹെഡ് ലാംപുകള്‍, വയറിങ്, ഹോണ്‍ എന്നിവയെല്ലാം പരിശോധിപ്പിച്ച് മോശമായ ഘടകങ്ങള്‍ മാറ്റിവയ്പ്പിക്കുക. ഫോഗ് ലാപുകള്‍ മഴക്കാലത്ത് സുരക്ഷ കൂട്ടും. റിയര്‍വിന്‍ഡോ ഡീഫോഗര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കുക.

ടയറുകള്‍: വാഹനത്തിലെ സുപ്രധാനമായ ഘടകമാണ്. എല്ലാക്കാലത്തും ടയറുകള്‍ക്ക് കാര്യക്ഷമത ആവശ്യമാണ്. മഴയുള്ളപ്പോള്‍ ടയറുകള്‍ നന്നല്ലെങ്കില്‍ വാഹനം തെന്നി നീങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. ബ്രേക്ക് മികച്ച സ്ഥിതിയിലാണെങ്കില്‍പ്പോലും ടയറുകള്‍ മോശമാണെങ്കില്‍ അപകടമുണ്ടാകാം. മഴയ്ക്കു മുമ്പേ ടയറുകള്‍ പരിശോധിക്കുക. തേഞ്ഞു തീരാറായ ടയര്‍ മാറ്റിയിടുക. ട്യൂബ് ഉപയോഗിക്കുന്ന ടയറുകളാണെങ്കില്‍ അതില്‍ ഒന്നിലധികം പങ്ചറുകളുണ്ടെങ്കില്‍ അതും മാറ്റുന്നത് നല്ലതാണ്. ടയര്‍ മര്‍ദ്ദം കൃത്യമാക്കുന്നതും അത്യാവശ്യമാണ് കാരണം അമിതമര്‍ദ്ദമുള്ള ടയറുകള്‍ അപകടകാരികളായേക്കാം.

ബ്രേക്ക്: നിര്‍ബന്ധമായും ബ്രേക്ക് പരിശോധന നടത്തുക. ലൈനറുകളും പാഡും മോശമാണെങ്കില്‍ മാറുക. റബര്‍ ഘടകങ്ങള്‍ നിര്‍ബന്ധമായും മാറുന്നതും ഫ്‌ളൂയിഡ് ‘ടോപ് അപ് ചെയ്യുന്നതും നല്ലതാണ്. എബിഎസ് ബ്രേക്കുള്ള കാറുകളുടെ ഗുണം അറിയുന്നത് മഴക്കാലത്തായിരിക്കും. ഇവ മറ്റുള്ളവയെക്കാള്‍ മികച്ച നിയന്ത്രണം നല്‍കും.

മറ്റു ഭാഗങ്ങള്‍: എന്‍ജിന്‍, സസ്‌പെന്‍ഷന്‍, ഗിയര്‍ബോക്‌സ്, സ്റ്റിയറിങ് എന്നീ ഘടകങ്ങളെല്ലാം പരിശോധിപ്പിക്കുന്നത് നന്നായിരിക്കും. നാലുചക്ര വാഹനങ്ങളാണെങ്കില്‍ വൈപ്പര്‍ മാറ്റിയിടുന്നത് നല്ലതാണ്. കൊടുംചൂടില്‍ അതിന്റെ മികവ് നശിച്ചുകാണും. മറ്റു റബര്‍ ഘടകങ്ങളും ബീഡിങ്ങുകളും മറ്റും നല്ല സ്ഥിതിയിലാണോ എന്നു പരിശോധിപ്പിക്കുക. അല്ലെങ്കില്‍ വാഹനത്തിനുള്ളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്.

വാട്ടര്‍ പ്രൂഫിങ്, റസ്റ്റ് പ്രൂഫിങ്: വെള്ളം തുടര്‍ച്ചായി പതിക്കുന്നത് വാഹനത്തിന്റെ ബോഡിക്ക് നാശനഷ്ടമുണ്ടാക്കിയേക്കും. പെയിന്റ് നഷ്ടമായ ഭാഗങ്ങള്‍ എത്രയും പെട്ടെന്ന് ടച്ച് ചെയ്യിക്കുക. മൂന്നു കൊല്ലത്തിനു മേല്‍ പഴക്കമുള്ളതാണെങ്കില്‍ കാറിന്റെ ഉള്‍വശത്തിനും അടിഭാഗത്തിനും റസ്റ്റ് പ്രൂഫ് പെയിന്റിങ് നടത്തുന്നത് നന്നായിരിക്കും. കൂടാതെ, മഴ നനഞ്ഞുവന്ന വാഹനം നനവോടെ മൂടിയിടരുത്. ഇത് പെയിന്റ് ഫിനിഷ് നശിപ്പിക്കും, തുരുമ്പിനെ ക്ഷണിച്ചു വരുത്തും. കഴിയുന്നതും നനയാത്തയിടത്ത് പാര്‍ക്ക് ചെയ്യുന്നത് നന്നായിരിക്കും.