‘ക്ഷണിച്ചാല്‍ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഞാനാണ്’:വിവാദത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

single-img
24 July 2018

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ അറിയാത്ത കാര്യത്തെക്കുറിച്ചു എങ്ങിനെയാണ് അഭിപ്രായം പറയുകയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘എന്നെ ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണംപോലും കിട്ടാത്ത കാര്യത്തെക്കുറിച്ച്‌ എങ്ങനെയാണു പ്രതികരിക്കുക. ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് എന്റെ ജോലിയും’. മോഹന്‍ലാല്‍ പറഞ്ഞു.

ചടങ്ങില്‍ സിനിമാ താരത്തെ മുഖ്യാതിഥിയാക്കുന്നതിനെതിരെ ചലച്ചിത്ര, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 107 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നല്‍കിയിരുന്നു.