ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കാൻ ജനങ്ങൾ ബീഫ് കഴിക്കുന്നത് നിർത്തണം:ആർഎസ്എസ് നേതാവ്

single-img
24 July 2018

 


ന്യൂദല്‍ഹി: ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍.‘പശുവിനെ കൊല്ലുന്നതിന് ലോകത്തിലെ ഒരു മതവും അനുമതി നല്‍കുന്നില്ല. ക്രൈസ്തവര്‍ വിശുദ്ധ പശുവെന്നാണ് പറയുന്നത്. യേശു ജനിച്ചത് കാലിത്തൊഴുത്തിലാണ്. സൗദി അറേബ്യയിലെ മക്കയിലും മദീനയിലും പശുവിനെ കൊല്ലുന്നത് ഇസ്‌ലാം മതം നിരോധിച്ചിട്ടുണ്ട്.’ഇന്ദ്രേഷ് കുമാർ പറഞ്ഞു.അതേസമയം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സ്വാഗതം ചെയ്യേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടക്കൊല വ്യാപിക്കുന്നതിനിടെയാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന.പശുക്കടത്തിനെതിരെ രാജ്യത്ത് നിയമമുണ്ടെങ്കിലും ചിലപ്പോള്‍ സമൂഹം പ്രശ്‌നപരിഹാരത്തിനായി ഇറങ്ങേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജാര്‍ഖണ്ഡില്‍ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ഇന്ദ്രേഷിന്റെ പരാമര്‍ശം.

രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഹരിയാന സ്വദേശിയായ അക്ബര്‍ഖാനെയാണ് ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷവും ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ കൊലപ്പെടുത്തിയിരുന്നു.