“മോഹന്‍ലാല്‍ ഇല്ലാത്ത ഒരു മലയാള സിനിമയെ കുറിച്ച്‌ സംസാരിക്കാന്‍ സാധിക്കുമോ?”;”ഭീമഹര്‍ജിക്കു പിന്നില്‍ ചിലരുടെ രാഷ്ട്രീയ താല്‍പര്യം”:ചലച്ചിത്ര പുരസ്‌കാര വിതരണ വിവാദത്തിൽ പ്രതികരണവുമായി പ്രമുഖർ

single-img
24 July 2018

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്കുള്ള മുഖ്യാതിഥിയെചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് വിശദീകരണവുമായി മന്ത്രി എ.കെ ബാലന്‍. നടന്‍ മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മോഹന്‍ലാലിലെ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകരടക്കം 107 പേര്‍ മന്ത്രിക്ക് ഭീമ ഹര്‍ജി നല്‍കിയിരുന്നു. മോഹന്‍ലാലിനെ പരിപാടിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍. സാംസ്കാരിക മന്ത്രിയും സര്‍ക്കാരുമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. ചിലരുടെ രാഷ്ട്രീയ താല്‍പര്യമാണ് മോഹന്‍ലാലിനെതിരേയുള്ള ഭീമഹര്‍ജിക്കു പിന്നിലെന്നും കമല്‍ പറഞ്ഞു.

അതേസമയം സംസ്ഥാന പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ ഭീമ ഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. ഇത്തരം ഒരു നിവേദനത്തില്‍ ഒപ്പിടണം എന്നാവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.

ഇന്ത്യന്‍ സിനിമയിലെ മഹാനായ നടനാണ് മോഹന്‍ലാല്‍. അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ് അദ്ദേഹം. ചടങ്ങില്‍ പങ്കെടുക്കേണ്ട എന്ന് പറയുന്നവര്‍ അദ്ദേഹത്തെ അപമാനിക്കുകയും സ്വയം അപമാനിതരാവുകയുമാണ്. മോഹന്‍ലാല്‍ ഇല്ലാത്ത ഒരു മലയാള സിനിമയെ കുറിച്ച്‌ സംസാരിക്കാന്‍ സാധിക്കുമോ? വിഷയത്തില്‍ തന്റെ പേരെങ്ങനെ വന്നു എന്നറിയില്ല. മോഹന്‍ലാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നത് തെറ്റാണെന്ന വിശ്വാസം തനിക്കില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി