ലോറി ക്ലീനർ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത: ദുരഭിമാനക്കൊലയെന്ന് സംശയം

single-img
24 July 2018

വാളയാർ ∙ ചരക്കുലോറി ക്ലീനർ കല്ലേറിനെത്തുർന്നു കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിൽ നിന്നു കേരളത്തിലേക്കു പച്ചക്കറിയുമായെത്തിയ ലോറിയിലെ ക്ലീനർ കോയമ്പത്തൂർ അണ്ണൂർ വടക്കല്ലൂർ മുരുകേശന്റെ മകൻ വിജയ് (മുബാറക്ക് ബാഷ–21) തിങ്കളാഴ്ച വെളുപ്പിനാണു കൊല്ലപ്പെട്ടത്.

കോയമ്പത്തൂരിലുള്ള ഒരു പെണ്‍കുട്ടിയുമായി വിജയ് പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിനായി വിജയ് മതം മാറിയിരുന്നെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയതോടെ ദുരഭിമാനക്കൊലയാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കഞ്ചിക്കോട് ഐടിഐയ്ക്കു സമീപമെത്തിയപ്പോള്‍ കാറിലും ബൈക്കിലുമായെത്തിയ പതിനഞ്ചംഗ സംഘം ദേശീയപാത സര്‍വീസ് റോഡില്‍ ലോറി തടഞ്ഞ് ആക്രമിച്ചെന്നാണ് ഡ്രൈവറുടെ ആദ്യമൊഴി. എന്നാല്‍ പിന്നീട്, കോയമ്പത്തൂരിലാണു സംഭവം നടന്നതെന്ന് ഇയാള്‍ മൊഴിമാറ്റി. കോയമ്പത്തൂരിനും വാളയാറിനും ഇടയില്‍ എട്ടിമടൈയിലാണ് വിജയ് അക്രമിക്കപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍, കേരള- തമിഴ്‌നാട് പൊലീസ് സംഘം എട്ടിമടൈയില്‍ നടത്തിയ പരിശോധനയില്‍ വാഹത്തിന്റെ ചില്ലു പൊട്ടിയ തരത്തില്‍ ആക്രമണം നടന്നതിനു തെളിവു കണ്ടെത്തിയില്ല.

നെഞ്ചെല്ല്‌ തകര്‍ത്തു ആഴത്തിലുണ്ടായ മുറിവാണു മരണകാരണമെന്നാണു പോസ്‌റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക സൂചന. കൂലിപ്പണിക്കാരനായിരുന്ന ബാഷ ലോറിയില്‍ ജോലിക്കു കയറിയിട്ട്‌ രണ്ടു ദിവസമേ ആയിട്ടുള്ളൂ. കോയമ്പത്തൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു. വിജയ്‌ എന്ന പേര്‌ ഏതാനും മാസം മുമ്പാണ്‌ അനൗദ്യോഗികമായി മുബാറക്ക്‌ ബാഷ എന്നാക്കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി.