ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്: 13 വര്‍ഷത്തിനുശേഷം സി.ബി.ഐ കോടതി നാളെ വിധിപറയും

single-img
23 July 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ തിരുവനന്തപുരം സിബിഐ കോടതി നാളെ വിധി പറയും. 13 വര്‍ഷത്തിനുശേഷമാണ് കേസില്‍ വിധി പറയുന്നത്. മുതിര്‍ന്ന പോലീസുകാര്‍ ഉള്‍പ്പെടെ ആറ് പേരാണ് കേസിലെ പ്രതികള്‍.

കേസിലെ വിചാരണ ഈ മാസം ആദ്യം പൂര്‍ത്തിയായിരുന്നു. കേസിന്റെ വിചാരണ കാലയളവില്‍ ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും പ്രതികള്‍ ചില സ്‌റ്റേകള്‍ നേടിയിരുന്നു. അതെല്ലാം കഴിഞ്ഞ രണ്ടരമാസത്തിനുള്ളില്‍ നീക്കിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്.

2005 സെപ്തംബര്‍ 27ന് രാത്രി ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ആയിരുന്നു മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെ അറസ്റ്റു ചെയ്തത്. പോലീസിന്റെ ചോദ്യംചെയ്യലിനിടെ ഉരുട്ടലിന് വിധേയനായ ഉദയകുമാര്‍ മരണമടഞ്ഞുവെന്നാണ് കേസ്.

കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെ എസ്.ഐ, സി.ഐ, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവര്‍ ഗൂഢാലോചന നടത്തി വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സി.ബി.ഐ കണ്ടെത്തി. അജിത് കുമാര്‍, ഇകെ സാബു, ഹരിദാസ് എന്നീ ഉന്നത ഉദ്യോഗസ്ഥരാണ് മറ്റ് പ്രതികള്‍.

വിചാരണക്കിടെ മൂന്നാം പ്രതി സോമന്‍ മരിച്ചു. കേസിലെ നാലാം പ്രതി ഫോര്‍ട്ട് സ്റ്റേഷനിലെ എ.എസ്.ഐ ശശിധരനെ സിബിഐ മാപ്പു സാക്ഷിയാക്കി. എ.എസ്.ഐ ഉള്‍പ്പെടെ ഫോര്‍ട്ട് സ്റ്റേഷനിലുണ്ടായിരുന്ന ആറ് പൊലീസുകാര്‍ മാപ്പു സാക്ഷികളായി മൊഴി നല്‍കി.

47 സാക്ഷികളില്‍ ഉദയകുമാറിനൊപ്പം പൊലീസ് കസ്റ്റഡിലെടുത്ത പ്രധാന സാക്ഷി സുരേഷും ഒരു പൊലീസുകാരനും കൂറുമാറിയിരുന്നു. വാദി ഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങളെല്ലാം കഴിഞ്ഞ 6ന് പൂര്‍ത്തിയായിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച മൂന്ന് പൊലീസുകാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ വേളയില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതിനെ തുടര്‍ന്ന് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്. ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

മകന്റെ മരണത്തില്‍ കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ വൃദ്ധയായ അമ്മ നടത്തിയ പോരാട്ടത്തിനു കൂടിയാണ് നാളെ ഉത്തരം ലഭിക്കുന്നത്. സംസ്ഥാനത്തെ അടുത്തിടെ നടുക്കിയ വരാപ്പുഴ കസ്റ്റഡി മരണക്കേസിനു സമാനമായ സംഭവമാണ് ഉദയകുമാറിന്റെ കേസിലും നടന്നിരിക്കുന്നത്.