രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ല; എന്നിട്ടും ബി.ജെ.പി പശുക്കളെയാണ് സംരക്ഷിക്കുന്നതെന്ന് ശിവസേന

single-img
23 July 2018

ബിജെപിക്കെതിരെ ആഞ്ഞടിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. മൂന്നുനാലു വര്‍ഷങ്ങളായി രാജ്യത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഹിന്ദുത്വ അജന്‍ഡ ബിജെപി സ്വീകരിക്കുന്നില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. ഹിന്ദുത്വയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് ഇതല്ല.

ഇവിടെ സ്ത്രീകള്‍ സുരക്ഷിതരല്ല. സര്‍ക്കാര്‍ പശുക്കളെ സംരക്ഷിക്കാന്‍ പോവുകയാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും ലക്ഷ്യം വയ്ക്കാന്‍ പാടില്ലെന്നും ഉദ്ധവ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ ചൂണ്ടിക്കാട്ടി. മുന്‍പു ബിജെപിയെ പരസ്യമായി പിന്തുണച്ചിരുന്നു. അതുപോലെ തന്നെ എതിര്‍ക്കുകയും ചെയ്യും.

പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നങ്ങള്‍ക്കായിട്ടല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. സാധാരണക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ ശിവസേന അഭിനന്ദിച്ചിരുന്നു.

മോദി സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചു ശേഷം വോട്ടെടുപ്പില്‍നിന്ന് ശിവസേന വിട്ടുനിന്നതും ബിജെപിക്കു ഞെട്ടലുണ്ടാക്കി. ഇതിനുപിന്നാലെയാണ് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പന് തയാറാകാന്‍ അമിത് ഷാ മഹാരാഷ്ട്രയിലെ അണികളോട് ആവശ്യപ്പെട്ടത്.