സംസ്ഥാനത്ത് ഭീതി പടര്‍ത്തി ഷിഗെല്ല രോഗബാധ: ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

single-img
23 July 2018

മഴ ശക്തമായതോടെ പനിക്കൊപ്പം പുതിയൊരു വയറിളക്ക ബാക്ടീരിയ രോഗത്തിന്റെ ഭീതിയിലാണ് സംസ്ഥാനം. പേര് ഷിഗല്ലെ വയറിളക്കം. സാധാരണ വയറിളക്കം വൈറസ് ബാധ മൂലമാണുണ്ടാവുന്നതെങ്കില്‍ ഷിഗല്ലെ ബാക്ടീരിയ മൂലമുണ്ടാവുന്ന വയറിളക്കമാണ്. അതുകൊണ്ട് തന്നെ ഇതിനെ അല്‍പം പേടിക്കേണ്ടതുമുണ്ട്.

മഴ ശക്തമായതും മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ല വയറിളക്കത്തിന് കാരണം. ഇതോടൊപ്പം പനിയും വരുന്നത് കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കരോഗങ്ങള്‍ പെരുകിവരുന്നതിനിടയില്‍ ഷിഗെല്ല ബാധയും വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനു തലവേദനയാവുകയാണ്. സാധാരണ വയറിളക്കത്തെക്കാള്‍ മാരകമാണു ഷിഗെല്ല.

ഷിഗെല്ല വയറിളക്കം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഷിഗെല്ല ബാക്ടീരിയ മൂലമുള്ള മാരകമായ വയറിളക്കത്തിനു കാരണം മലിനജലത്തിന്റെ ഉപയോഗം. വ്യക്തി തലത്തില്‍ ശുചിത്വം പാലിച്ചാല്‍ ഒരു പരിധി വരെ രോഗം പകരുന്നതു തടയാം. തുടക്കത്തില്‍ തന്നെ വൈദ്യസഹായം തേടിയാല്‍ രോഗം അപകടകരമാകുന്നതും തടയാം.

ഫലപ്രദമായ ചികില്‍സ കൃത്യസമയത്തു നല്‍കിയില്ലെങ്കില്‍ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുന്നതു മരണത്തിന് ഇടയാക്കും. കുട്ടികളിലാണു രോഗസാധ്യത കൂടുതല്‍.

ലക്ഷണങ്ങള്‍

മലത്തിലൂടെ രക്തം പോവുക

മലവിസര്‍ജ്ജനം ഇടയ്ക്കിടെയുണ്ടാവുക

മലം ഇളകിപ്പോവുക

വയറുവേദന

ക്ഷീണം

മുന്‍കരുതല്‍

കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യണം

കുടിവെള്ളത്തില്‍ മലിനജലം കലരാതെ നോക്കണം

കുടിക്കാനും പാചകത്തിനും തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക

ഭക്ഷണത്തിനു മുന്‍പു കൈകഴുകുന്നതു ശീലമാക്കുക

ശുചിമുറി ഉപയോഗിച്ചാല്‍ നിര്‍ബന്ധമായും കൈകള്‍ സോപ്പിട്ടു കഴുകുക

ഭക്ഷണം തയാറാക്കുന്നവര്‍ കൈകള്‍ വൃത്തിയായി സൂക്ഷിക്കുക

പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നവര്‍ വൃത്തി ഉറപ്പാക്കുക

പൂര്‍ണമായും വേവിച്ച ഭക്ഷണം മാത്രം കഴിക്കുക

ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക

ഭക്ഷണം എപ്പോഴും അടച്ചുവയ്ക്കുക. ഈച്ച പോലുള്ള പ്രാണികളുടെ സമ്പര്‍ക്കം ഒഴിവാക്കുക

കുട്ടികളുടെ നഖം കൃത്യമായി വെട്ടുക. കൈകള്‍ കഴുകുന്നുവെന്നു ഉറപ്പാക്കുക