നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ കോഴിക്കോട് ‌‌ജില്ലയിൽ ഷിഗെല്ല ബാക്ടീരിയ ബാധയും: ചികിത്സയിലിരുന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു

single-img
23 July 2018

കോഴിക്കോട് പുതുപ്പാടിയില്‍ ഷിഗെല്ല ബാധിച്ച രണ്ട് വയസ്സുകാരന്‍ മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ ആണ് മരിച്ചത്. സിയാന്റെ ഇരട്ട സഹോദരന്‍ സയാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വയറിളക്കത്തെ തുടര്‍ന്ന് കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികളെ രോഗം മൂര്‍ച്ഛിച്ചതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സമാന ലക്ഷണങ്ങളുമായി ഒരു കുട്ടി കൂടി ചികിത്സയിലുണ്ട്.

ഷിഗല്ലെ ബാക്ടീരിയ മൂലം ഉണ്ടാകുന്ന വയറിളക്കം മരണത്തിനു കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. 2016ല്‍ ജില്ലയില്‍ നാലു കുട്ടികള്‍ ഷിഗല്ലേ ബാധിച്ച് മരിച്ചിരുന്നു. മലിന ജലത്തിലൂടെയാണ് പ്രധാനമായും ഷിഗെല്ല പടരുന്നത്. ജലജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി.

മലിനജലം കുടിവെള്ളത്തില്‍ കലരുന്നത് ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഷിഗെല്ല ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യണം. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാനും നിര്‍ദേശമുണ്ട്.