‘എഴുതാനുള്ള അവകാശത്തിനും സ്വാതന്ത്ര്യത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ല’: ഹരീഷിന് മുഖ്യമന്ത്രിയുടെ പിന്തുണ

single-img
23 July 2018

തിരുവനന്തപുരം: ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സാഹിത്യകാരനൊപ്പം നില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ല. നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയ മീശ എന്ന നോവലിലെ ചില സംഭാഷണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംഘപരിവാര്‍ സംഘടനകള്‍ വിവാദമുണ്ടാക്കാനും സമൂഹത്തില്‍ വര്‍ഗീതയ സൃഷ്ടിക്കാനും ശ്രമിച്ചത്. രചനയുടെ പേരില്‍ ഹരീഷിനെയും കുടുംബത്തെയും ഇക്കൂട്ടര്‍ മോശമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ജൂലൈ 21 നാണ് താന്‍ നോവല്‍ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. നോവലിന്റെ മൂന്ന് അധ്യായങ്ങളാണ് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

സംഭവത്തില്‍ കഴിഞ്ഞ ദിവസം കേരളം ഒന്നടങ്കം ഹരീഷിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഹരീഷിന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറാണെന്ന് ഡിസി ബുക്‌സും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. തന്റെ മകന്റെ ഉടമസ്ഥതയിലുള്ള ശ്രേഷ്ഠ പബ്ലിക്കേഷന്‍സ് പുസ്തകം പ്രസിദ്ധീകരിക്കുമെന്നാണ് ചെന്നിത്തല പറഞ്ഞത്. ഇതിന്റെ പേരില്‍ ശക്തമായ സൈബര്‍ അധിക്ഷേപമാണ് ചെന്നിത്തലയും കുടുംബവും നേരിടുന്നത്.

മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം:

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാവും കേരള ഗവര്‍മെന്റ്. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ല. നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല.

മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളില്‍ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയില്‍ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കള്‍ക്ക് അദ്ദേഹം നല്‍കേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണം.