20000 കുഴികള്‍; ഏറ്റവും കൂടുതല്‍ കുണ്ടും കുഴിയും ഉള്ള റോഡ് ഗിന്നസ് റെക്കോര്‍ഡിലേക്ക് ?

single-img
23 July 2018

ഏറ്റവും കൂടുതല്‍ കുണ്ടും കുഴിയും ഉള്ള റോഡ് എന്ന നിലയില്‍ മുംബൈയുടെ പേര് ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി മുംബൈ സ്വദേശി നവീന്‍ ലാഡെ. മുംബൈയിലെ റോഡില്‍ മാത്രം 20000ത്തോളം കുഴികളുണ്ടെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു.

ഇതിന് പിന്നാലെയാണ് നവീന്‍ മുംബൈയിലെ റോഡുകളെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം ആരംഭിച്ചത്. നിലവില്‍ ഗിന്നസില്‍ ഇത്തരമൊരു റെക്കോര്‍ഡ് ഇല്ല. എന്നാല്‍, നഗരവാസികളെ കൊലയ്ക്കു കൊടുക്കുന്ന കുഴികളിലൂടെ മുംബൈയ്ക്ക് ഈ കുപ്രസിദ്ധി നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ തൊഴിലാളി വിഭാഗം ജനറല്‍ സെക്രട്ടറികൂടിയായ ലാഡെ.

ഇതിന്റെ ആദ്യ പടിയായി 350 രൂപ ഫീസ് അടച്ച് ഗിന്നസില്‍ അപേക്ഷിച്ചിട്ടുണ്ട്. നാല് ദിവസത്തിനകം ഇതിന് മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നവീന്‍ പറഞ്ഞു. ഇദ്ദേഹം ഇപ്പോള്‍ ഗിന്നസ് അധികൃതര്‍ക്കു തെളിവായി സമര്‍പ്പിക്കാന്‍ ആവശ്യമായ ഫോട്ടോകള്‍, വീഡിയോകള്‍, മാധ്യമ വാര്‍ത്തകള്‍ എന്നിവ ശേഖരിച്ചുവരികയാണ്.