11 പേര്‍ കൂട്ട ആത്മഹത്യ ചെയ്ത വീട്ടിലെ അവസാന അംഗവും ഇല്ലാതായി: വളര്‍ത്തു നായ ഹൃദയാഘാതംമൂലം ചത്തു

single-img
23 July 2018

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ പതിനൊന്ന് പേര്‍ കൂട്ട ആത്മഹത്യ ചെയ്ത ഭാട്ടിയ കുടുംബത്തിന്റെ നായ ഹൃദയാഘാതം വന്നു ചത്തു. ആത്മഹത്യ പരമ്പര നടന്ന വീട്ടില്‍ ആകെ അവശേഷിച്ച വീട്ടുകാരുടെ ഓമന നായ ആറുവയസുകാരന്‍ ടോമിയാണ് നോയിഡയിലെ മൃഗപരിപാലന കേന്ദ്രത്തില്‍ ചത്തത്.

പതിനാല് വര്‍ഷംവരെ ആയുര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ പിറ്റ്ബുള്‍ സങ്കര ഇനത്തില്‍പ്പെട്ട നായയാണ് ഇന്ന് പുലര്‍ച്ചയോടെ ചത്തത്. വീട്ടുകാര്‍ കൂട്ട ആത്മഹത്യചെയ്തതോടെ വീട്ടില്‍ ഒറ്റയ്ക്കായ നായയെ പൊലീസാണ് മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയത്. ഒന്നര മണിക്കൂറോളം കഠിനപരിശ്രമങ്ങള്‍ക്കൊടുവിലാണ് നായ വീട് വിട്ട് മൃഗസംരക്ഷകര്‍ക്കൊപ്പം പോകാന്‍ തയാറായതെന്ന് ഇവര്‍ പറയുന്നു.

സംഭവദിവസം വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തിയ ടോമിക്ക് കടുത്ത പനിയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ടോമിയെ മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി. മൃഗസംരക്ഷണ പ്രവര്‍ത്തകന്‍ സഞ്ജയ് മൊഹപാത്രയുടെ നേതൃത്വത്തില്‍ വിദഗ്ദ ചികിത്സ നല്‍കിയിരുന്നെങ്കിലും കടുത്ത വിഷാദവും ഉത്കണ്ഠയും ടോമിയെ അലട്ടിയിരുന്നു.

ശാരീരികമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഭേദമായിരുന്നെങ്കിലും തന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതില്‍ ടോമി കടുത്ത ദുഃഖത്തിലായിരുന്നുവെന്ന് സഞ്ജയ് മൊഹപാത്ര പറഞ്ഞു. മൃഗസംരക്ഷണ കേന്ദ്രത്തില്‍ ആരുവന്നാലും ഭാട്ടിയ കുടുംബത്തില്‍പ്പെട്ടവരാണോ എന്നറിയാന്‍ ടോമി ഓടിയടുക്കാറുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാട്ടിയ കുടുംബത്തിലെ 11 പേരെയാണ് ജൂലായ് ഒന്നിന് ബുരാരിയിലെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മോക്ഷപ്രാപ്തിക്ക് വേണ്ടിയായിരുന്നു ഭാട്ടിയ കുടുംബം ജീവനൊടുക്കിയത്. കുടുംബത്തിലെ എല്ലാവരും ജീവനൊടുക്കിയപ്പോള്‍ ഇവരുടെ വളര്‍ത്തുനായ ടോമിയെ മാത്രമാണ് ഭാട്ടിയ ഹൗസില്‍ നിന്ന് ജീവനോടെ കണ്ടെടുത്തത്.