പാലക്കാട് ചരക്കുലോറിക്കുനേരെ ലോറിസമരാനുകൂലികളുടെ കല്ലേറ്; ക്ലീനര്‍ മരിച്ചു

single-img
23 July 2018

പാലക്കാട്: ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ ലോറി ക്ലീനര്‍ മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷ ആണ് മരിച്ചത്. കല്ലേറില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. കഞ്ചിക്കോട് വെച്ചാണ് ലോറിക്ക് നേരെ ആക്രമണമുണ്ടായത്.

ലോറി സമരാനുകൂലികളാണു കല്ലെറിഞ്ഞതെന്നാണ് സൂചന. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ കഞ്ചിക്കോട് ഫെഡറല്‍ ബാങ്കിനു സമീപമാണു സംഭവം. ബാഷയുടെ നെഞ്ചിലാണു കല്ലു പതിച്ചത്. ഉടന്‍ തന്നെ കഞ്ചിക്കോട് സ്വകാര്യാശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലോറി ഓടിച്ച ഡ്രൈവര്‍ക്കും പരുക്കേറ്റു. ലോറി കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഇതുവരെ ആരേയും പിടികൂടിയിട്ടില്ല. സംഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ പറയുന്നു. രണ്ടുദിവസം മുമ്പ് തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ലോറികള്‍ തടയുന്ന അവസ്ഥയുണ്ടായിരുന്നു.

തുടര്‍ന്ന് പോലീസ് നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ പിന്‍മാറി. പിന്നാലെ തിങ്കളാഴ്ച രാവിലെ ലോറി വരുന്നുവെന്ന അറിഞ്ഞ സമരക്കാര്‍ തടയാനെത്തിയതായിരുന്നു. അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്ന ചരക്ക്‌ലോറികള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.

നാലുദിവസമായി സമരം തുടര്‍ന്നിട്ടും കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കാതിരുന്നതാണ് പ്രകോപനങ്ങള്‍ക്ക് കാരണമെന്ന് കരുതുന്നു. ഡീസല്‍ വില, ഇന്‍ഷുറന്‍സ് പ്രീമിയം, ടോള്‍ നിരക്ക് എന്നിവ കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ലോറി ഉടമകളും തൊഴിലാളികളും സമരം നടത്തുന്നത്.