കുളിച്ചിട്ട് ആഴ്ചയൊന്നായി, മൂത്രമൊഴിക്കാന്‍പോലും ഇരുട്ടാകാന്‍ കാത്തിരിക്കണം; കുട്ടനാട്ടില്‍ സ്ത്രീകള്‍ക്ക് ദുരിത ജീവിതം; നെഞ്ചില്‍ തീകോരിയിട്ട് കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വീണ്ടും മഴ

single-img
23 July 2018

ഒരാഴ്ച നിറഞ്ഞു പെയ്തശേഷം പിന്‍വലിഞ്ഞ മഴ വീണ്ടും തിരിച്ചെത്തുന്നു. രാവിലെ മുതല്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ മഴ തുടരുകയാണ്. ജില്ലകളിലെ പല സ്ഥലങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലായതിനാല്‍ മഴ പെയ്യുന്നത് ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കും.

കുടിക്കാന്‍ വെള്ളമോ കഴിക്കാന്‍ ഭക്ഷണമോ ലഭിക്കാതെയാണു പലരും കഴിയുന്നത്. മൂന്നു ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. അതിനിടെ, കുട്ടനാട്ടില്‍ ജലജന്യരോഗങ്ങള്‍ പടര്‍ന്നേക്കുമെന്നു ഡിഎംഒ അറിയിച്ചു.

എലിപ്പനി, കോളറ എന്നിവ പിടിപെടാന്‍ സാധ്യതയുണ്ട്. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കി. കനത്ത വെള്ളക്കെട്ടാണ് കുട്ടനാട്ടില്‍ തുടരുന്നത്. ദുരിതാശ്വാസ ക്യാംപടക്കം വെള്ളത്തിലാണ്. രണ്ടു ലക്ഷത്തോളം പേരാണ് ക്യാംപുകളില്‍ അഭയം തേടിയിട്ടുള്ളത്.

മൂത്രമൊഴിക്കാന്‍പോലും ഇരുട്ടു പരക്കാന്‍ കാത്തിരിക്കണം. വീടിനു മീതെയാണ് വെള്ളം. കുളിച്ചിട്ട് ആഴ്ചയൊന്നായി. വിവാഹപ്രായമായ രണ്ടു പെണ്‍മക്കളുമായി ദുരിതാശ്വാസ ക്യാമ്പിലാണ്. ചുറ്റിനും വെള്ളം. നെഞ്ചില്‍ തീയാണ്. ചെറുതന വടക്കേകരയിലെ ക്യാമ്പില്‍ കണ്ട വീട്ടമ്മ വാവിട്ട് കരഞ്ഞാണ് ദുരിതം പറഞ്ഞത്.

ഇതു പോലൊരു ദുരന്തം ആദ്യമാണെന്ന് ഇവര്‍ പറയുന്നു. ദുരിതാശ്വാസ ക്യാമ്പെന്ന് പേരു മാത്രം. വെള്ളത്തിന്റെ നടുക്ക് ഇത്തിരി ഉയര്‍ന്ന പ്രദേശം. ടാര്‍പോളിന്‍ കെട്ടി ഭക്ഷണം തയ്യാറാക്കുന്നു. വള്ളത്തിലാണ് പലരും ഉറങ്ങുന്നത്. മഴ പെയ്യുമ്പോള്‍ കുട പിടിക്കും.

ആലപ്പുഴയില്‍ ആറു ലക്ഷത്തോളം പേരാണ് വെള്ളപ്പൊക്ക കെടുതിയിലായത്. ഇതില്‍ മൂന്നര ലക്ഷവും കുട്ടനാട്ടിലാണ്. 350 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടയെല്ലാമായി രണ്ടു ലക്ഷത്തോളം പേര്‍ക്കാണ് സര്‍ക്കാര്‍ സൗജന്യഭക്ഷണം നല്‍കുന്നത്. കുട്ടനാട്ടിലെ മിക്ക ആശുപത്രികളും വെള്ളത്തിലാണ്.

ആരോഗ്യപ്രവര്‍ത്തകരും റവന്യൂ ഉദ്യോഗസ്ഥരും ഇടയ്ക്ക് വള്ളത്തില്‍ വരും. അരിയും പച്ചക്കറിയും എണ്ണയും ഉപ്പുമെല്ലാം എത്തിക്കും. ഡോക്ടര്‍മാര്‍ പരിശോധിച്ച് മരുന്ന് കൊടുക്കും. എങ്കിലും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ഇവരുടെ ജീവിതം. പകല്‍സമയത്ത് മൂത്രമൊഴിക്കാന്‍ കഴിയാത്തത് ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നു. ചെറിയ കുട്ടികളെക്കൊണ്ട് ക്യാമ്പുകളില്‍ കഴിയേണ്ടി വരുന്നതാണ് മറ്റൊരു ദുരിതം. മഴയും തണുപ്പും കുഞ്ഞുങ്ങളെ പെട്ടെന്ന് ബാധിക്കും.

ചിലയിടങ്ങളില്‍ വൈദ്യുതി ഇല്ലാതായിട്ട് അഞ്ചു ദിവസം കഴിഞ്ഞു. പാടശേഖങ്ങളുടെ പുറംബണ്ടുകള്‍ പൊട്ടി കായലും പാടവുമെല്ലാം ഒത്തൊഴുകിയപ്പോള്‍ വൈദ്യുതിത്തൂണുകളും വീണു. ലൈനുകള്‍ പലതും വെള്ളത്തില്‍ മുട്ടി. ഇതോടെയാണ് വൈദ്യുതിവകുപ്പ് ലൈന്‍ ഓഫാക്കിയത്.