‘പൊന്നാങ്ങളയായി’ വീണ്ടും കെഎസ്ആര്‍ടിസി; പുലര്‍ച്ചെ സ്‌റ്റോപ്പിലിറങ്ങിയ വീട്ടമ്മയ്ക്കു ഭര്‍ത്താവ് എത്തുന്നതു വരെ കൂട്ടായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

single-img
23 July 2018

പുലര്‍ച്ചെ വിജനമായ സ്റ്റോപ്പില്‍ ബസിറങ്ങിയ വീട്ടമ്മയ്ക്കു ഭര്‍ത്താവ് എത്തുന്നതു വരെ കൂട്ടായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. ഇരിങ്ങാലക്കുട സ്വദേശിയും കുടുംബശ്രീ ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജരുമായ റെജി തോമസിനാണു ബസ് ജീവനക്കാര്‍ തുണയായത്. ‘എന്റെ കെ.എസ്.ആര്‍.ടി.സിക്ക് നന്ദി…അഭിനന്ദനങ്ങള്‍’ എന്ന തലക്കെട്ടില്‍ റെജി എഴുതിയ കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ശനിയാഴ്ച തമ്പാനൂരില്‍ നിന്ന് മൈസൂരിലേക്ക് രാത്രി എട്ടിന് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസിലെ യാത്രക്കാരിയായിരുന്നു റെജി. തിരുവനന്തപുരത്ത് കുടുംബശ്രീ സംസ്ഥാന മിഷനില്‍ യോഗം കഴിഞ്ഞ് ചാലക്കുടിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

സ്റ്റോപ്പ് ഇല്ലെങ്കിലും, രാത്രിയായതിനാല്‍ ഇറക്കിത്തരണമെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ടു. കൊണ്ടുപോകുവാന്‍ ആള്‍ വരില്ലേയെന്ന് ഡ്രൈവര്‍ ചോദിക്കുകയും ചെയ്തു. അര്‍ധരാത്രി 1.40 ഓടെ പോട്ട പനമ്പിള്ളി കോളേജ് സ്റ്റോപ്പില്‍ ബസ് നിറുത്തി റെജിയെ ഇറക്കിയെങ്കിലും, കാത്ത് നില്‍ക്കുമെന്ന് അറിയിച്ച ഭര്‍ത്താവ് വൈകി.

കുഞ്ഞ് എണീറ്റ് വാശി പിടിച്ചതിനാലായിരുന്നു എത്താന്‍ 10 മിനിറ്റ് വൈകിയത്. പൊയ്‌ക്കൊള്ളാന്‍ ഡ്രൈവറോടും കണ്ടക്ടറോടും പറഞ്ഞെങ്കിലും, വിജന സ്ഥലമായതിനാല്‍ ബസ് എടുക്കാന്‍ ഇരുവരും കൂട്ടാക്കിയില്ല. ഇതിനിടെ ബസ് നിറുത്തിയിട്ടതിലെ കാര്യം തിരക്കി യാത്രക്കാരിലൊരാള്‍ അന്വേഷിച്ചെത്തി. ഡ്രൈവര്‍ കാര്യം പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സമ്മതം.

ഭര്‍ത്താവ് എത്തിയ ശേഷം യാത്രയാക്കിയാണ് ബസ് പുറപ്പെട്ടത്. മാസത്തില്‍ രണ്ട് തവണയെങ്കിലും തിരുവനന്തപുരം പോകേണ്ടി വരാറുണ്ടെങ്കിലും, ആദ്യമായിട്ടാണ് ഇത്തരം അനുഭവമെന്നും സഹായിച്ച, പേര് എന്താണെന്നറിയാത്ത, ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നന്ദിയുണ്ടെന്ന് റെജി കുറിപ്പില്‍ പങ്കുവെക്കുന്നു.

അതേസമയം തങ്ങള്‍ കടമ നിര്‍വഹിക്കുകയായിരുന്നുവെന്നാണ് ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ സി.എസ്. പ്രകാശും എസ്.ഹരീഷ് കുമാറും പറയുന്നത്. അവര്‍ പറഞ്ഞ സ്ഥലത്ത് നിര്‍ത്തി കൊടുക്കുകയായിരുന്നു. ഇറങ്ങിയ സ്ഥലം വിജനമായിരുന്നു. ഇരുട്ടും. അവര്‍ ഞങ്ങളോട് പൊയ്‌കോളാന്‍ പറഞ്ഞു.

ഭര്‍ത്താവ് വരുന്നുണ്ടെന്നും. പക്ഷേ സമയം വൈകിയിരുന്നെങ്കിലും അതിനു മനസ് വന്നില്ല. ഞങ്ങള്‍ക്കും സഹോദരിയും അമ്മയുമൊക്കെയുള്ളതല്ലേ. ഇടക്ക് ഒരു യാത്രക്കാരന്‍ വന്ന് എന്താ നിര്‍ത്തിയിരിക്കുന്നത് എന്ന് ചോദിച്ചെങ്കിലും വിവരം പറഞ്ഞപ്പോള്‍ അവരും സഹകരിച്ചു.

തിരുവനന്തപുരം കേശവദാസപുരം ആലുവിള നാലാംചിറ സ്വദേശിയാണ് പ്രകാശ്. ഹരീഷ് തിരുവനന്തപുരം കരമന സ്വദേശി സ്വദേശിയും. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പദവിയിലാണ് ഇരുവരും. ദിവസങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂര്‍ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റില്‍ അങ്കമാലി അത്താണിയില്‍ നിന്നും കയറി, ചവറ ശങ്കരമംഗലത്ത് ആളൊഴിഞ്ഞ സ്ഥലത്ത് രാത്രിയില്‍ ഇറങ്ങേണ്ടി വന്ന യാത്രക്കാരിക്ക് സഹോദരന്‍ എത്തുവോളം കൂട്ടുനിന്ന സംഭവവും ഉണ്ടായിരുന്നു.