കുമ്പസാര രഹസ്യം ചോര്‍ത്തി പീഡനം: മൂന്നാം പ്രതിയായ വൈദികന് ജാമ്യം

single-img
23 July 2018

വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതിയും ഓര്‍ത്തഡോക്‌സ് സഭാ വൈദികനുമായ ഫാ. ജോണ്‍സണ്‍ വി. മാത്യുവിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണം, ആഴ്ചയില്‍ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, ഇരയുടെ ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍.

പീഡനത്തിനിരയായ യുവതിയുടെ സീനിയറായി കോളേജില്‍ പഠിച്ചയാളാണ് ജോണ്‍സണ്‍ വി.മാത്യൂ. വാട്ട്‌സ് ആപ്പ് വഴിയാണ് ഇയാള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് യുവതിയുടെ നഗ്‌നചിത്രം വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാറില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.

വീട്ടമ്മയെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെന്നും വാട്‌സ് ആപ് സന്ദേശം അയക്കുക മാത്രമാണ് ചെയ്തതെന്നും വൈദികന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള ഇയാളുടെ ജാമ്യാപേക്ഷ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു.

ഫോണില്‍ അശ്ലീലം പറഞ്ഞു എന്നത് അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. അതേസമയം, കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യു ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും.