പശുക്കടത്തിന്റെ പേരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച യുവാവിനെ ആശുപത്രിയിലെത്തിക്കാതെ പോലീസ് ആദ്യം പശുക്കളെ ഗോശാലയിലെത്തിച്ചു; 4 മണിക്കൂറിനുശേഷം യുവാവ് മരിച്ചു: ഞെട്ടിക്കുന്ന വിവരങ്ങള്‍

single-img
23 July 2018

ജയ്പൂര്‍: അല്‍വാറിലെ ആള്‍ക്കൂട്ട അക്രമത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ അനാസ്ഥ വെളിവാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ക്രൂരമായ മര്‍ദ്ദനമേറ്റ അക്ബര്‍ ഖാന്‍ എന്ന യുവാവിനെ നാല് മണിക്കൂറോളം പൊലീസ് കസ്റ്റഡിയില്‍ വച്ചതായാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്.

കസ്റ്റഡിയില്‍ എടുത്ത യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രാത്രി 12.41 ഓടെയാണ് അക്ബര്‍ ഖാന്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായ വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. നവല്‍ കിഷോര്‍ എന്നയാളാണ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. 1.15 നും 1.20 നും ഇടയില്‍ പൊലീസ് സംഭവസ്ഥലത്ത് എത്തി.

പൊലീസ് എത്തുമ്പോള്‍ ചെളിയില്‍ മുങ്ങിയ നിലയിലാണ് അക്ബര്‍ ഖാന്‍ ഉണ്ടായത്. ആദ്യം അക്ബറിനെ കുളിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് കിഷോറിന്റെ വീട്ടിലേക്ക് പോവുകയും അവിടെ വച്ച് പശുക്കളെ കൊണ്ടുപോകാനായി വാഹനം ഏര്‍പ്പാടാക്കുകയും ചെയ്തു.

പീന്നീട് അവിടെ നിന്നും അക്ബര്‍ ഖാനുമായി പുറപ്പെട്ട പൊലീസുകാര്‍ റോഡരികിലുള്ള ചായക്കടയില്‍ നിന്നും ചായകുടിച്ചതിനു ശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടത്. പുലര്‍ച്ചെ നാലുമണിയോടെയാണ് അക്ബര്‍ ഖാനെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പൊലീസ് സ്റ്റേഷനില്‍ നിന്നും വെറും ഒരു കിലോമീറ്റര്‍ ദൂരം മാത്രമാണ് ആശുപത്രിയിലേക്ക് ഉള്ളത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.