വാറ്റുപകരണങ്ങളും ലഹരി മരുന്നും ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക്; ഋഷിരാജ് സിംഗും ഒരെണ്ണം ഓര്‍ഡര്‍ ചെയ്തു വരുത്തി !

single-img
22 July 2018

ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ ചാരായ, വാറ്റുപകരണങ്ങളും വില്‍പ്പനയ്ക്ക്. വിവരമറിഞ്ഞതോടെ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് വില്‍പന സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ സൈറ്റുകളുടെ മേധാവികള്‍ക്കെതിരെ നടപടിയെടുക്കാനും ആരംഭിച്ചു.

ഇതോടെ സൈറ്റില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചു. ഓണ്‍ലൈന്‍ വഴി വില്‍ക്കുന്ന വ്യാജ ലഹരിഗുളികകള്‍ ലാബില്‍ അയച്ച് പരിശോധിച്ചതായി ഋഷിരാജ് സിംഗ് പറഞ്ഞു. ഗുളികകളില്‍ ലഹരിയുടെ അംശമില്ലെന്ന് കണ്ടെത്തിയെന്നും കമ്മീഷണര്‍ പറഞ്ഞു. വലിയ ലഹരിക്കച്ചവടമാണ് ഓണ്‍ലൈനില്‍ നടക്കുന്നത്.

മുന്‍നിര വ്യാപാര സൈറ്റുകളാണു വാറ്റുപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്നത്. വ്യാപാര സൈറ്റുകളില്‍ ലിക്കര്‍ മാനുഫാക്ച്ചറിങ് യൂണിറ്റ് എന്നു ടൈപ്പു ചെയ്താല്‍ ഉപകരണങ്ങള്‍ ലഭ്യമാകും. ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ എക്‌സൈസ് ആസ്ഥാനത്തും ലഭിച്ചു.

തുടര്‍ന്നാണ് ഋഷിരാജ് സിങ് ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിച്ചത്. പൊലീസ് സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ കേരളത്തില്‍ ഇത് ഓര്‍ഡര്‍ ചെയ്യുന്നവരുടെ പേരു വിവരം എക്‌സൈസ് ശേഖരിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് മുന്‍നിര വ്യാപാര സൈറ്റുകളുടെ സംസ്ഥാനത്തെ ചുമതലക്കാരെ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് വിളിച്ചു വരുത്തി മുന്നറിയിപ്പു നല്‍കിയത്. ലഹരിമരുന്നുകളുടെ വില്‍പനയും സൈറ്റുകള്‍ വഴിയുണ്ടെന്നാണു വിവരം.

എന്നാല്‍ ലഹരി മരുന്നുകള്‍ വില്‍പന നടത്തുന്ന ഡാര്‍ക്‌നെറ്റ്.കോമുമായി ബന്ധപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ തങ്ങള്‍ക്കു വില്‍പനയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഋഷിരാജ് സിങ് പറഞ്ഞു. നിലവിലെ നിയമത്തിന്റെ പരിധിയില്‍നിന്ന് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളെ നിയന്ത്രിക്കാന്‍ എളുപ്പമല്ലെന്നതാണ് എക്‌സൈസിനെ കുഴക്കുന്നത്.

വാറ്റുപകരണങ്ങളും ലഹരി മരുന്നുകളും വാങ്ങുന്നയാളുകളെ കണ്ടെത്തി കേസെടുക്കുക മാത്രമാണ് മുന്നിലുള്ള പോംവഴിയെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. വ്യാപാര സൈറ്റുകള്‍ വഴിള്ള ഇത്തരം സാധനങ്ങളുടെ വില്‍പന തടയാന്‍ കേന്ദ്രത്തെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.