രാജസ്ഥാനില്‍ വസുന്ധര രാജെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

single-img
22 July 2018

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി വസുന്ധര രാജെ തന്നെ ബിജെപിയെ നയിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അധികാരം ലഭിച്ചാല്‍ വസുന്ധര തന്നെ മുഖ്യമന്ത്രിയാകുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലും ഛത്തിസ്ഗഡിലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്നും അമിത് ഷാ അവകാശപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് വസുന്ധര.

കൂടാതെ, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 25 സീറ്റുകള്‍ നേടാമെന്നും അവര്‍ കണക്കുകൂട്ടുന്നു. എന്നാല്‍ സച്ചിന്‍ പൈലറ്റിന്റെലയും അശോക് ഗെലോട്ടിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് ബിജെപിക്കു വന്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പാര്‍ട്ടിയില്‍ ഗ്രൂപ്പുകളി അനുവദിക്കില്ലെന്നും ഭിന്നതകള്‍ മാറ്റിവച്ച് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനും അമിത് ഷാ പ്രവര്‍ത്തകരോടും നേതാക്കളോടും നിര്‍ദേശിച്ചതായാണു സുചന.

സംസ്ഥാന പ്രസിഡന്റ് നിയമനത്തിന്റെ പേരില്‍ ദേശീയ നേതൃത്വവും മുഖ്യമന്ത്രി വസുന്ധരരാജെയും തമ്മിലുണ്ടായ വടംവലി പ്രവര്‍ത്തകരിലേക്കു പടരുന്നതു തടയാനുള്ള നിര്‍ദേശങ്ങള്‍ നേതാക്കള്‍ക്കു ഷാ നല്‍കിയിട്ടുണ്ട്.