ഞാന്‍ ലോകകപ്പിനെത്തിയത് എതിരാളികളെ തോല്‍പ്പിച്ച് മുന്നേറാനാണ്; അല്ലാതെ അവരുടെ ചവിട്ട് കൊള്ളാനല്ല; തുറന്നടിച്ച് നെയ്മര്‍

single-img
22 July 2018

റഷ്യന്‍ ലോകകപ്പില്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍. തനിക്കെതിരെ ഉണ്ടായ വിമര്‍ശനങ്ങള്‍ അല്‍പ്പം കടന്നുപോയിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ കണ്ടപ്പോള്‍ അതിശയം തോന്നിയെന്നും നെയ്മര്‍ പറഞ്ഞു. ഫൗള്‍ ചെയ്യുന്നയാളേക്കാള്‍ ഫൗളിന് ഇരയാകുന്നയാളെ വിമര്‍ശിക്കുന്നതാണ് ആളുകളുടെ ഇപ്പോഴത്തെ രീതി.

താന്‍ ലോകകപ്പിനെത്തിയത് എതിരാളികളെ തോല്‍പ്പിച്ച് മുന്നേറാനാണ്. അല്ലാതെ അവരുടെ ചവിട്ട് കൊള്ളാനല്ല. ഒരേസമയം റഫറിയാകാനും ടീമില്‍ കളിക്കാനും എനിക്കാവില്ല. എന്നാലും ചില സമയത്ത് അതിന് സാധിച്ചിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചു പോയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകകപ്പില്‍ ബെല്‍ജിയത്തിനെതിരായ തോല്‍വിക്കു ശേഷം ഞാന്‍ ആകെ തകര്‍ന്നു പോയിരുന്നു. ആ തോല്‍വിക്കു ശേഷം മറ്റു മത്സരങ്ങള്‍ പോയിട്ട് ഒരു പന്തിലേക്കു നോക്കാന്‍ പോലും എനിക്ക് സാധിക്കുമായിരുന്നില്ല. നല്ല വിഷമത്തിലായിരുന്നു.

ശരിക്കും കരയുകയായിരുന്നു. എന്നാല്‍ പിന്നീട് ആ വിഷമങ്ങള്‍ മാറി. എന്റെ മകന്‍, കുടുംബം, സുഹൃത്തുക്കള്‍ അവര്‍ക്കാര്‍ക്കും എന്നെ ഇങ്ങനെ വിഷമിച്ച് കാണുവാന്‍ സാധിക്കില്ലായിരുന്നു. സങ്കടപ്പെടുന്നതിനേക്കാള്‍ സന്തോഷിക്കാന്‍ ഏറെ കാര്യങ്ങളുണ്ടായിരുന്നുവെന്നും നെയ്മര്‍ പറഞ്ഞു.

ബ്രസീലില്‍ തന്റെ പേരിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ നടക്കുന്ന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ എ.എഫ്.പിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം റയലിലേക്കു പോകുന്നുവെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു. അതെല്ലാം മാധ്യമ സൃഷ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.