സര്‍വകക്ഷി സംഘത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം പ്രകോപനപരമെന്ന് ജി.സുധാകരന്‍; കേന്ദ്ര ഫണ്ട് ശരിയാംവണ്ണം വിനിയോഗിച്ചിരുന്നെങ്കില്‍ പരിഹാസ്യരാകേണ്ടി വരില്ലായിരുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍

single-img
22 July 2018

കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തോട് പ്രധാനമന്ത്രി പ്രകോപനപരമായാണു സംസാരിച്ചതെന്നു മന്ത്രി ജി.സുധാകരന്‍. പ്രധാനമന്ത്രിയുടെ സമീപനം ഭരണഘടനാവിരുദ്ധമാണ്. ഇങ്ങനെയാണെങ്കില്‍ രാജ്യം എങ്ങനെ നിലനില്‍ക്കുമെന്നും സുധാകരന്‍ ചോദിച്ചു.

വെള്ളപ്പൊക്കസ്ഥലങ്ങള്‍ കാണാന്‍ ഉടന്‍തന്നെ കേന്ദ്രസംഘത്തെ അയച്ചത് നല്ല കാര്യമാണ്. സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നടപടികളില്‍ നല്ല അഭിപ്രായമാണ് കേന്ദ്രസംഘം പ്രകടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ രാഷ്ട്രീയം ഞങ്ങളുടെ മേല്‍ അടിച്ചല്‍പ്പിക്കരുത്.

അതൊന്നും ആലപ്പുഴക്കാര്‍ വിശ്വസിക്കില്ല. 800 ക്യാംപുണ്ട്. എത്ര പത്രക്കാര്‍ ഏതൊക്കെ ക്യാംപില്‍ പോയിട്ടുണ്ട്?. ആകാശത്തുനിന്നു കെട്ടിയിറക്കിയവരാണ് ഞങ്ങളെന്നു പത്രക്കാര്‍ എഴുതരുത്. തെറ്റായ വാര്‍ത്തകളും പറഞ്ഞുകേട്ടതുമൊക്കെ പ്രചരിപ്പിക്കുന്നത് വ്യാപകമായിരിക്കുകയാണ്. കുട്ടനാട്ടുകാരനായ ഞാന്‍ അവിടെ പോകാതിരിക്കുമോ? സുധാകരന്‍ ചോദിച്ചു.

അതേസമയം കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാംവണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്ന് പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയതായിരുന്നു അവര്‍. കേരളത്തെ എപ്പോഴും അവഗണിക്കുന്നുവെന്ന് മുതലകണ്ണീര്‍ ഒഴുക്കുന്നവര്‍ക്കുള്ള മറുപടിയാണിതെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ പോലെയുള്ള നേതൃപാടവവും കാര്യപ്രാപ്തിയും തെളിയിച്ച ഒരാളെ സര്‍വകക്ഷി സംഘത്തില്‍ നിന്നും ഒഴിവാക്കിയ നടപടിയെ ഹിമാലയന്‍ വിഡ്ഢിത്തം എന്നേ വിശേഷിപ്പിക്കാന്‍ ആവുകയുള്ളൂവെന്നും, ഇനിയെങ്കിലും പരാതി പറയല്‍ എന്ന സ്ഥിരം കലാപരിപാടി അവസാനിപ്പിച്ചു ദീര്‍ഘദൃഷ്ടിയോടെയും പക്വതയോടെയുമുള്ള ആസൂത്രണത്തിനും ധനവിനിയോഗത്തിനും ആണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ശോഭ ആരോപിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പാലക്കാട് ഐഐടിക്ക് 1217 കോടി രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാരിന് അഭിനന്ദനങ്ങള്‍. കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കറാണ് തുക അനുവദിച്ച കാര്യം അറിയിച്ചത്. കേരളത്തെ എപ്പോഴും അവഗണിക്കുന്നു എന്ന് മുതലകണ്ണീര്‍ ഒഴുക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇത്. ഇതിനിടെ കനത്ത മഴ കാരണം ഉണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കാനും ദുരിതാശ്വാസത്തിനും ആയി കേരളത്തിന് 80 കോടി രൂപ അനുവദിച്ച കാര്യം കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും അറിയിച്ചു. കേരളത്തിന് ഇരട്ടി മധുരം നല്‍കുന്നതായി ഇത്. പ്രധാനമന്ത്രിയെ കാണാന്‍ പോയി അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടി തിരിച്ചു വന്നവര്‍ക്കുള്ള ഉത്തരം കൂടി ആണിത്.

കേന്ദ്രം നല്‍കുന്ന കോടികള്‍ ശരിയാം വണ്ണം വിനിയോഗിച്ചിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയുടെ അടുക്കല്‍ നിന്നു പരിഹാസ്യരായി തിരിച്ചു വരേണ്ടി വരില്ലായിരുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ പോലെയുള്ള നേതൃപാടവവും കാര്യപ്രാപ്തിയും തെളിയിച്ച ഒരാളെ സര്‍വകക്ഷി സംഘത്തില്‍ നിന്നും ഒഴിവാക്കിയ നടപടിയെ ഹിമാലയന്‍ വിഡ്ഢിത്തം എന്നേ വിശേഷിപ്പിക്കാന്‍ ആവുകയുള്ളൂ.

ഇനി എങ്കിലും പരാതി പറയല്‍ എന്ന സ്ഥിരം കലാപരിപാടി അവസാനിപ്പിച്ച് ദീര്‍ഘദൃഷ്ടിയോടെയും പക്വതയോടെയും ഉള്ള ആസൂത്രണത്തിനും ധനവിനിയോഗത്തിനും ആണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. പൊതുജനങ്ങള്‍ക്ക് അവകാശപ്പെട്ട ഓരോ രൂപയും അര്‍ഹിച്ച കൈകളിലേക്ക് ദയവായി എത്തിക്കുക, ശോഭ കൂട്ടിച്ചേര്‍ത്തു.