ഡോക്ടര്‍ പ്രസവിച്ചത് പൂന്തോട്ടത്തില്‍: ലൈവായി കണ്ടത് പത്തുലക്ഷം പേര്‍

single-img
22 July 2018

ജര്‍മനിയിലെ ഹാല്ലെയിലുള്ള 36കാരിയായ ഡോക്ടര്‍ സാറാ സ്‌ക്മിഡ് തന്റെ ആറാമത്തെ കുഞ്ഞിന് ജന്‍മം നല്‍കിയത് വീട്ടിലെ പൂന്തോട്ടത്തില്‍ വച്ച്. പ്രസവം ലൈവായി കണ്ടതാകട്ടെ പത്തുലക്ഷം പേരും. പ്രസവത്തെ അസാധാരണമായി കണ്ട് മാറ്റി നിര്‍ത്തപ്പെട്ട അനുഭവം നേരിട്ടതിനെ തുടര്‍ന്നാണ് ഈ അമ്മ ഇത്തരത്തിലൊരു പ്രവൃത്തിയ്ക്ക് മുതിര്‍ന്നത്.

ആറ് മുതല്‍ പതിനൊന്ന് വയസുവരെയുള്ള അഞ്ച് മക്കളെയും ഭര്‍ത്താവിനെയും സാക്ഷിയാക്കി വീട്ടിലെ പൂന്തോട്ടമാണ് പ്രസവത്തിനായി സാറ തിരഞ്ഞെടുത്തത്. പ്രസവശേഷം തന്റെ അനുഭവമെന്തായിരുന്നുവെന്നത് സംബന്ധിച്ച് വിശദമായ വീഡിയോ സാറ യുട്യൂബില്‍ അപ്ലോഡ് ചെയ്യുക കൂടി ചെയ്തതോടെ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് നിരവധി പേരാണ് സാറയുടെ വിവരങ്ങള്‍ തിരക്കിയെത്തുന്നത്.

വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഒരു പാട് ആളുകള്‍ പരസഹായമില്ലാതെയുള്ള പ്രസവത്തിന്റെ സാധ്യതകള്‍ ആരായുന്നത് സന്തോഷം നല്‍കുന്നുവെന്ന് സാറ പറയുന്നു. പണ്ട് കാലങ്ങളില്‍ അമ്മ പ്രസവിക്കുന്നത് കാണാന്‍ പെണ്‍മക്കള്‍ക്ക് സാഹചര്യമുണ്ടായിരുന്നു.

അത്തരമൊരു സാഹചര്യത്തില്‍ എങ്ങനെ പെരുമാറണമെന്ന് അവര്‍ക്ക് അതിലൂടെ മനസിലാവുകയും ചെയ്തിരുന്നു. എന്നാല്‍ സൗകര്യങ്ങള്‍ കൂടിയതോടെ ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ ആരും തയ്യാറാവാത്ത സ്ഥിതിയാണുള്ളതെന്ന് സാറ ചൂണ്ടിക്കാണിക്കുന്നു.