സര്‍വതും നഷ്ടപ്പെട്ട് കുടുംബങ്ങള്‍; മഴ ശമിച്ചിട്ടും കോട്ടയത്തെയും ആലപ്പുഴയിലെയും ജനങ്ങള്‍ ദുരിതത്തില്‍

single-img
22 July 2018

ആലപ്പുഴ: മഴ ശമിച്ചിട്ടും ദുരിതം ഒഴിയാതെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള ജനങ്ങള്‍. നാല്‍പ്പതിനായിരത്തിലധികം പേരാണ് രണ്ടു ജില്ലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കിണറുകള്‍ അടക്കം മുങ്ങിയതോടെ കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയാണ് പലയിടങ്ങളിലും.

വെളളപ്പൊക്കത്തിന് പിന്നാലെ രോഗങ്ങള്‍ പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ മൊത്തം ആറു ലക്ഷം പേരും കുട്ടനാട്ടില്‍ മാത്രം മൂന്നരലക്ഷം പേരും ദുരിതം അനുഭവിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആലപ്പുഴ ജില്ലയിലെ മാവേലി സ്റ്റോറുകള്‍ പലതിലും അവശ്യവസ്തുക്കളുടെ ക്ഷാമമുണ്ട്.

പലസ്ഥലത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലെ ഗതാഗതം തുടര്‍ച്ചയായ ഏഴാം ദിവസവും തടസപ്പെട്ടു. കുട്ടനാട്ടിലെ ജനങ്ങളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. കടകളില്‍പോയി സാധനങ്ങള്‍ വാങ്ങാന്‍ പലര്‍ക്കും കഴിയുന്നില്ല.