മോദിക്ക് അധികാരം നഷ്ടപ്പെടുമെന്ന ഭയമെന്ന് സോണിയാ ഗാന്ധി; കോണ്‍ഗ്രസ് രാജ്യത്തിന്റെ ശബ്ദമെന്ന് രാഹുല്‍

single-img
22 July 2018

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരം നഷ്ടപ്പെടുമെന്ന ഭയത്തിലെന്ന് സോണിയ ഗാന്ധി. ഈ തിരിച്ചറിവുണ്ടാക്കിയ വെപ്രാളമാണ് ലോക്‌സഭയില്‍ അവിശ്വാസപ്രമേയത്തിനെതിരായ മറുപടി പ്രസംഗത്തില്‍ കണ്ടതെന്നും സോണിയ പറഞ്ഞു.
ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവരെയും ദരിദ്രവിഭാഗങ്ങളെയും ഭീതിയുടെ നിഴലില്‍ നിര്‍ത്തിയിരിക്കുകയാണ് ബി.ജെ.പിയെന്ന് സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്ത് പടരുന്ന ഭീതിയുടെ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും സോണിയ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോരാടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആഹ്വനം ചെയ്തു. ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ വിശാലയോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

പ്ലീനറി സമ്മേളനം കഴിഞ്ഞ് നാലു മാസത്തിന് ശേഷം പുനഃസംഘടിപ്പിച്ച പ്രവര്‍ത്തക സമിതിയുടെ ആദ്യ യോഗമാണ് ദില്ലിയില്‍ ചേര്‍ന്നത്. പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്ക് പുറമെ പിസിസി അധ്യക്ഷന്മാര്‍, നിയമസഭാകക്ഷി നേതാക്കള്‍, എംപിമാര്‍ എന്നിവരടക്കം 240ഓളം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോദിയുടെ വാഗ്ദാനം നിലവിലെ കാര്‍ഷിക വളര്‍ച്ചാ മേഖലയിലെ നിരക്കിന്റെ അടിസ്ഥാനത്തില്‍ സാധ്യമായ ഒന്നല്ലെന്ന് മന്‍മോഹന്‍ സിംഗ് യോഗത്തില്‍ ചൂണ്ടിക്കാട്ടി.