ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ ധാരണ;പാര്‍ട്ടികളെ എല്‍.ഡി.എഫിന് തീരുമാനിക്കാം

single-img
21 July 2018

തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഐഎമ്മിന്റെ പച്ചക്കൊടി. പുതിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്താന്‍ സിപിഐഎം സംസ്ഥാന സമിതിയില്‍ ധാരണയായി. ആരൊയൊക്കെ ഉള്‍പ്പെടുത്തണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിക്കുമെന്ന് അറിയിച്ചു. ഈ മാസം 26നാണ് മുന്നണിയോഗം നടക്കുക.

നിലവില്‍ എല്‍.ഡി.എഫിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന നിരവധി കക്ഷികള്‍ മുന്നണിയുടെ ഭാഗമാകാന്‍ അപേക്ഷനല്‍കി കാത്തിരിക്കുകയാണ്. ജനതാദള്‍ വീരേന്ദ്രകുമാര്‍ പക്ഷമാണ് ഇതില്‍ പ്രധാനം. യു.ഡി.എഫ് വിട്ടുവന്ന വീരേന്ദ്രകുമാറിന് എല്‍.ഡി.എഫ് രാജ്യസഭാ സീറ്റ് നല്‍കിയെങ്കിലും മുന്നണി പ്രവേശം ഇതുവരെ സാധ്യമായിരുന്നില്ല. നിലവില്‍ മുന്നണിയുടെ ഭാഗമായ ജനതാദള്‍-എസില്‍ ലയിച്ച്‌ എല്‍.ഡി.എഫില്‍ പ്രവേശിക്കണമെന്ന നിര്‍ദേശവുമുണ്ട്.

ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം, ആര്‍.ബാലകൃഷ്ണപിള്ള വിഭാഗം എന്നിവയെല്ലാം മുന്നണിയുടെ ഭാഗമല്ലാതെ മുന്നണിയെ പിന്തുണയ്ക്കുകയാണ്.