മുല്ലപ്പെരിയാറില്‍ കാലാവസ്ഥാ നിരീക്ഷണത്തിന് ഉപഗ്രഹ സാങ്കേതികവിദ്യ

single-img
21 July 2018

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ കാലാവസ്ഥാ നിരീക്ഷണത്തിന് ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കേരളം പദ്ധതി ഒരുക്കുന്നു. ഐഎസ്ആര്‍ഒയുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.

പറമ്പിക്കുളം,ആളിയാര്‍ പദ്ധതികളില്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ചു കൊണ്ടുള്ള കാലാവസ്ഥാ നിരീക്ഷണം ഇപ്പോഴേ ഉണ്ട്. പക്ഷേ മൊബൈല്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഈ കാലാവസ്ഥാ നിരീക്ഷണം മൊബൈല്‍ കമ്പനികള്‍ക്ക് റേയ്ഞ്ച് ഇല്ലാത്ത മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ സാധ്യമല്ലാത്തതു കൊണ്ടാണ് സര്‍ക്കാര്‍ ഉപഗ്രഹ സംവിധാനത്തെ ആശ്രയിക്കാന്‍ തീരുമാനിച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ലഭിക്കുന്ന മഴയുടെ അളവ് ശാസ്ത്രീയമായി കണക്കാക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. 2019ല്‍ പദ്ധതി കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിനായി 1.5 കോടി രൂപ കൈമാറിയിട്ടുണ്ട്.