മഴയില്‍ മുങ്ങിയ കുട്ടനാട്ടില്‍ കുടിനീരില്ല; പ്രളയബാധിത പ്രദേശങ്ങളില്‍ എത്താതെ മന്ത്രിമാര്‍

single-img
21 July 2018

ആലപ്പുഴ: ആലപ്പുഴയില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ മന്ത്രിമാര്‍ ഇതുവരെ സന്ദര്‍ശിക്കാത്തത് വിവാദമാകുന്നു. കുട്ടനാട്ടില്‍ ജില്ലയിലെ മന്ത്രിമാരോ എംഎല്‍എയോ എത്തിയില്ല. മന്ത്രി ജി.സുധാകരന്‍ എത്തുന്നത് ഇന്ന് ആദ്യമായി കേന്ദ്രമന്ത്രിക്കൊപ്പമാണ്.

ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരായ തോമസ് ഐസക്, ആരിഫ്, ജി സുധാകരന്‍, തോമസ് ചാണ്ടി തുടങ്ങിയവര്‍ പ്രദേശത്തേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആരോപണം. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ മാത്രമാണ് ഇതിനു മുന്‍പ് സ്ഥലം സന്ദര്‍ശിച്ചത്.

സിപിഎം സംസ്ഥാനസമിതി ഉള്‍പ്പെടെയുള്ള തിരക്കുകള്‍ മൂലമാണ് ഇതുവരെ സ്ഥലം സന്ദര്‍ശിക്കാനാവാത്തതെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂടിയായ ജി സുധാരകന്‍ വിശദീകരിക്കുന്നത്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാല്‍ സ്ഥലത്തെത്താന്‍ കഴിഞ്ഞില്ലെന്ന് തോമസ് ചാണ്ടി എംഎല്‍എയും വിശദീകരിച്ചു.വേണ്ട എല്ലാവിധ സഹായങ്ങളും രാപ്പകലില്ലാതെ എത്തിക്കുന്നുണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞു.

കനത്ത മഴ കുറഞ്ഞെങ്കിലും ജില്ലയില്‍ കൈനകരി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ദുരിതാശ്വാസക്യാംപുകള്‍ക്ക് പുറമെ ജനങ്ങള്‍ സ്വന്തം നിലയില്‍ തരപ്പെടുത്തിയിട്ടുള്ള വീടുകളിലും മറ്റും കഴിയുന്നുണ്ട്. ഇവര്‍ സ്വന്തം ചെലവിലാണ് നിലവില്‍ ദൈനംദിനകൃത്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ദുരിതാശ്വാസക്യാംപുകളില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ ധനസഹായം നല്‍കാനാകൂ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. പ്രാഥമികകൃത്യങ്ങള്‍ക്ക് പോലും സൗകര്യമില്ല.

കുടിവെള്ളമാണ് കുട്ടനാട്– അപ്പര്‍ കുട്ടനാട് മേഖല ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ക്യാംപുകളിലടക്കം കുടിവെള്ളം പരിമിതമാണ്. ഇതോടൊപ്പം സ്കൂളുകളിലല്ലാതെ ആരംഭിച്ച ക്യാംപുകള്‍ അംഗീകരിക്കില്ലായെന്ന് ഉദ്യോഗസ്ഥര്‍ തുടക്കത്തില്‍ നിലപാടെടുത്തതും പ്രതിസന്ധിയുണ്ടാക്കി. കലക്ടര്‍ ഇടപെട്ടതിനുശേഷമാണ് പ്രശ്നം പരിഹരിക്കാനായത്.