വാട്‌സാപ്പും ‘പറ്റിച്ചു’; അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഇനി സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാനാകില്ല

single-img
20 July 2018

വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി കൂടുതല്‍ കര്‍ശന നടപടികളുമായി വാട്‌സ് ആപ്. ഒരു മെസേജ് തന്നെ ഫോര്‍വേഡ് ചെയ്യുന്നതിന് പരിധി നിശ്ചയിക്കാനാണ് വാട്‌സ് ആപിന്റെ പദ്ധതി. വാട്‌സ് ആപില്‍ ഇനി വരുന്ന മെസേജുകള്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല.

പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലാണ് ഇപ്പോള്‍ ഇത് നടപ്പാക്കുക. ഇന്ത്യയിലുള്ള ഉപഭോക്താക്കള്‍ക്കാണ് നിയന്ത്രണം ബാധകമാകുക. സന്ദേശങ്ങള്‍ കൂട്ടമായി അയക്കുന്നതില്‍ മറ്റു നിയന്ത്രണങ്ങളും ഉടന്‍ കൊണ്ടുവന്നേക്കും. ഈ സംവിധാനം ആപ്പിനൊപ്പം കൂട്ടിചേര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ടെക്‌സ്റ്റ്, ചിത്രങ്ങള്‍, വീഡിയോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്.

നേരത്തെ വ്യാജ വാര്‍ത്തകളെ തടയുന്നതിനായി വാട്‌സ് ആപ് ഫോര്‍വേഡ് മെസേജുകള്‍ക്ക് മുകളില്‍ പ്രത്യേക ലേബല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി വാട്‌സ് ആപിന്റെ പുതിയ നീക്കം. വ്യാജവാര്‍ത്തകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ രണ്ടാമത്തെ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ വാട്‌സ് ആപ് നിര്‍ബന്ധിതമായത്.

വാട്‌സ് ആപിലുടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ രാജ്യത്തെ ആള്‍ക്കൂട്ട കൊലകള്‍ക്ക് കാരണമായതിനെ തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ സുപ്രീംകോാടതിയും രംഗത്ത് വന്നിരുന്നു.

വ്യാജ വാര്‍ത്തളും തെറ്റായ വിവരങ്ങളും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കും അറിയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കിംവദന്തികള്‍ കലാപുമുണ്ടാക്കുന്നതിന് കാരണമാകുന്നുവെന്ന വിമര്‍ശനം ശക്തമായതോടെയായിരുന്നു ഈ നടപടി.