മരുമകന്റെ ഷൂ തുടയ്ക്കാന്‍ വിസമ്മതിച്ചതിന് കള്ളക്കേസില്‍ കുടുക്കി പിരിച്ചുവിട്ടു; മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യക്കെതിരെ പരാതിയുമായി യുവതി

single-img
20 July 2018

മരുമകന്റെ ഷൂ തുടയ്ക്കാന്‍ വിസമ്മതിച്ചതിന് മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യ പീഡിപ്പിച്ചെന്ന പരാതിയുമായി മുന്‍ ജീവനക്കാരി ഉഷ. മോഷണക്കുറ്റം ആരോപിച്ച് തന്നെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നും ഉഷ പറയുന്നു. മന്ത്രി മന്ദിരത്തിലെ മറ്റൊരു ജീവനക്കാരിയെ കൊണ്ടാണ് മന്ത്രിയുടെ ഭാര്യ ഇടപെട്ട് പണം മോഷ്ടിച്ചെന്ന കേസ് കൊടുത്തതെന്ന് ഉഷ ആരോപിച്ചു.

കേസില്‍ കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുടുംബത്തെ ഒന്നടങ്കം ഉപദ്രവിക്കുമെന്ന് മന്ത്രിയുടെ ഭാര്യ ഭീഷണിപ്പെടുത്തിയതായും ഉഷ വ്യക്തമാക്കി. ഇക്കാര്യം ബോധിപ്പിക്കാന്‍ മന്ത്രി മന്ദിരത്തിലും സെക്രട്ടറിയേറ്റിലും പല തവണയെത്തിയെങ്കിലും മാത്യു ടി തോമസ് കാണാന്‍ കൂട്ടാക്കിയില്ലെന്നും ഉഷ ആരോപിക്കുന്നു.

മന്ത്രിയുടെ അമ്മയുടെ ശുശ്രൂഷക്കായാണ് ആലപ്പുഴ നൂറനാട് സ്വദേശി ഉഷ മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് മാത്യു ടി തോമസിന്റെ വീട്ടിലെത്തുന്നത്. തുടര്‍ന്ന് മാത്യു ടി തോമസ് മന്ത്രിയായതിന് ശേഷം ഔദ്യോഗിക വസതിയില്‍ താല്‍കാലിക ജീവനക്കാരിയായി ജോലി നല്‍കി.

ഔദ്യോഗിക വസതിയില്‍ ജോലിക്കാരിയായി നില്‍ക്കെ മന്ത്രിയുടെ മരുമകന്റെ ഷൂ തുടക്കാന്‍ മാത്യു ടി തോമസിന്റെ ഭാര്യ ആവശ്യപ്പെട്ടതില്‍ വിസമ്മതിച്ചതാണ് കളള കേസില്‍ കുടുക്കാന്‍ കാരണമെന്ന് ഉഷ പറയുന്നു. മന്ത്രിക്കും ഭാര്യക്കുമെതിരെ മുഖ്യമന്ത്രിക്ക് ഉഷയുടെ കുടുംബം പരാതി നല്‍കി.