Latest News

മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു: ബിജെഡിയും ചര്‍ച്ച ബഹിഷ്‌കരിച്ചു

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചു. തെലങ്കാന രാഷ്ട്ര സമിതി അംഗങ്ങളുടെ ബഹളത്തിനിടയില്‍ ടി.ഡി.പി എം.പി ജയദേവ് ഗല്ലയാണ് പ്രമേയം അനുവദിച്ചത്. എണ്ണത്തില്‍ കുറവാണെങ്കിലും ആന്ധ്രാപ്രദേശിനെതിരെയുള്ള അവഗണനയ്ക്ക് എതിരെയാണ് തങ്ങളുടെ പ്രതിഷേധം. ഭൂരിപക്ഷത്തിനെതിരെ സദാചാരത്തിന്റെ യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മോദി പറഞ്ഞു ‘കോണ്‍ഗ്രസ് അമ്മയെ കൊന്നു, കുഞ്ഞിനെ രക്ഷിച്ചു. ഞാനുണ്ടായിരുന്നേല്‍ അമ്മയെക്കൂടി രക്ഷിച്ചേനെ’. നാലു വര്‍ഷം ആന്ധ്രയിലെ ജനങ്ങള്‍ കാത്തു, അമ്മയെ രക്ഷിക്കുമെന്നു കരുതി, നടന്നില്ല. മോദി സര്‍ക്കാരിനുകീഴില്‍ ഒരു വികസനവും നടക്കുന്നില്ല. ബിജെപിയുമായി ടിഡിപി നടത്തുന്നത് ധര്‍മയുദ്ധമാണ്. ആന്ധ്ര പ്രദേശിനെ നീതിയുക്തമല്ലാത്ത തരത്തില്‍ വിഭജിക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന്റേതു മാത്രമല്ല, ബിജെപിയും അതില്‍ പങ്കാളിയാണെന്ന് ജയദേവ് ഗല്ല പറഞ്ഞു.

ഇന്നുരാവിലെ ചോദ്യോത്തര വേള അടക്കമുള്ള നടപടികള്‍ ഒഴിവാക്കിയാണ് ലോക്‌സഭ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങിയത്. വിവിധ നേതാക്കളുടെ പ്രസംഗത്തിനു ശേഷം വൈകുന്നേരത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സര്‍ക്കാരിനെതിരെ വന്ന ആദ്യ അവിശ്വാസപ്രമേയത്തിന് മറുപടി നല്‍കും.

തുടര്‍ന്ന് വോട്ടെടുപ്പ് നടക്കും. ഏതാണ്ട് ഏഴ് മണിക്കൂറോളമാണ് സഭാ നടപടികള്‍ നിശ്ചയിച്ചിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ട അംഗങ്ങളുണ്ടെങ്കിലും ശിവസേന വിട്ടുനില്‍ക്കുന്നത് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയാണ്. അതേസമയം അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് തന്നെ ഇരുപത് അംഗങ്ങളുള്ള ബിജു ജനതാദള്‍ (ബി.ജെ.ഡി) സഭ വിട്ടിറങ്ങി.

കഴിഞ്ഞ പത്ത് വര്‍ഷത്തെ യു.പി.എ ഭരണവും നാല് വര്‍ഷത്തെ മോദിയുടെ ഭരണവും തങ്ങള്‍ കണ്ടെന്നും ഇരുകൂട്ടരും ഒഡിഷയ്ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ഇത്തരമൊരു അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുത്തത് കൊണ്ട് ഉപയോഗമില്ലെന്നും ഇറങ്ങിപ്പോകുന്നതിന് മുമ്പ് ബി.ജെ.ഡി അംഗങ്ങള്‍ പറഞ്ഞു.

534 അംഗ സഭയില്‍ 312 അംഗങ്ങളുടെ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്‍.ഡി.എ.യ്ക്കുണ്ട്. 147 അംഗങ്ങളാണ് പ്രമേയത്തെ അനുകൂലിക്കുന്നത്. എന്നാല്‍ 76 അംഗങ്ങളുടെ നിലപാടിന്റെ കാര്യം അവ്യക്തമാണ്. 268 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്ക് വേണ്ടത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മുന്‍നിര്‍ത്തി രാഷ്ട്രീയപോരാട്ടത്തിനായിരിക്കും ഭരണപ്രതിപക്ഷ കക്ഷികള്‍ ചര്‍ച്ച വിനിയോഗിക്കുക.