പതിനഞ്ചാണ്ടിന് ശേഷം വീണ്ടും അവിശ്വാസപ്രമേയം

single-img
20 July 2018

സര്‍ക്കാരിന് എല്ലായ്‌പ്പോഴും ലോക്‌സഭയില്‍ ഭൂരിപക്ഷപിന്തുണ ഉണ്ടായിരിക്കണം. അത് ഇല്ല എന്ന് തെളിയിക്കാന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്കുള്ള ഉപാധിയാണ് അവിശ്വാസപ്രമേയം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരവും.

സര്‍ക്കാരിന് ഭൂരിപക്ഷം ഉറപ്പില്ലാത്ത നിലവരുമ്പോഴാണ് സാധാരണഗതിയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുക. പ്രമേയം പാസായാല്‍ മന്ത്രിസഭ രാജിവയ്ക്കണം. ഹാജരുള്ള അംഗങ്ങളില്‍ പകുതിയിലധികംപേര്‍ പിന്തുണച്ചാല്‍ പ്രമേയം പാസാകും. അവിശ്വാസപ്രമേയം ലോക്‌സഭ തള്ളിയാല്‍ സര്‍ക്കാരിന് തുടരാം.

ലോക്‌സഭയിലെ അവിശ്വാസപ്രമേയങ്ങള്‍ക്ക് 55 വര്‍ഷത്തെ ചരിത്രമുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന വോട്ട് ഓഫ് സെന്‍ഷ്വറാണ് ഇന്ത്യന്‍ പാര്‍ലമെന്റ് നടപടിക്രമങ്ങളില്‍ അവിശ്വാസ പ്രമേയമായത്. 1963ലാണ് ആദ്യമായി ലോക്‌സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.

ജവാഹര്‍ലാല്‍ നെഹ്രു സര്‍ക്കാരിനെതിരേ ആചാര്യ കൃപലാനിയാണ് പ്രമേയം കൊണ്ടുവന്നത്. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നതിനാല്‍ സര്‍ക്കാര്‍ അവിശ്വാസത്തെ നിഷ്പ്രയാസം മറികടന്നു. ഇതുവരെ 26 അവിശ്വാസപ്രമേയങ്ങളാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

എന്താണ് നടപടിക്രമം ?

ഏതൊരംഗത്തിനും അവിശ്വാസപ്രമേയം അവതരിപ്പിക്കാം. സ്വാഭാവികമായും സര്‍ക്കാരിനെ എതിര്‍ക്കുന്നവരാകും അവിശ്വാസപ്രമേയം അവതരിപ്പിക്കുക. ലോക്‌സഭാചട്ടം 198 അനുസരിച്ച് സഭ ചേരുന്ന ദിവസം രാവിലെ 10 മണിക്കുമുന്‍പ് ലോക്‌സഭാ സെക്രട്ടറി ജനറലിന് രേഖാമൂലം നോട്ടിസ് നല്‍കണം. 10 മണിക്കുശേഷം ലഭിക്കുന്ന നോട്ടിസുകള്‍ പിറ്റേദിവസം ലഭിച്ചതായി കണക്കാക്കും. അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിന് കാരണം വ്യക്തമാക്കേണ്ടതില്ല.

പ്രമേയം സഭാചട്ടങ്ങള്‍ക്ക് അനുസൃതമാണെന്ന് ബോധ്യപ്പെട്ടാല്‍ സ്പീക്കര്‍ അത് സഭയില്‍ വായിക്കും. 50 ലോക്‌സഭാംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ നോട്ടിസ് പരിഗണിക്കൂ. നോട്ടിസിനെ പിന്തുണയ്ക്കുന്നവര്‍ എഴുന്നേറ്റുനില്‍ക്കാന്‍ സ്പീക്കര്‍ നിര്‍ദേശിക്കും.

ഇത്രയുംപേരുടെ പിന്തുണ ഇല്ലെന്നുവന്നാല്‍ പ്രമേയം അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ അംഗത്തെ അറിയിക്കും. പിന്തുണ ഉറപ്പുണ്ടെങ്കില്‍ പ്രമേയം അവതരിപ്പിക്കുന്നതിന് തീയതി നിശ്ചയിക്കും. നോട്ടിസ് അംഗീകരിച്ച് 10 ദിവസത്തിനകം പ്രമേയം അവതരിപ്പിക്കണം. എത്രദിവസം ചര്‍ച്ചവേണമെന്നും ഓരോ അംഗത്തിനും എത്രസമയം അനുവദിക്കണമെന്നും സ്പീക്കര്‍ തീരുമാനിക്കും.

ഇന്ദിരാഗാന്ധി സര്‍ക്കാരാണ് ഏറ്റവും കൂടുതല്‍ അവിശ്വാസപ്രമേയങ്ങള്‍ നേരിട്ടത്. 15 തവണ പ്രതിപക്ഷം ഇന്ദിര സര്‍ക്കാരിനെ സഭയ്ക്കുള്ളില്‍ നേരിട്ടു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പിന്നാലെ നരസിംഹറാവു സര്‍ക്കാരിനെതിരേ 1993ല്‍ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. 2003ല്‍ സോണിയാഗാന്ധി വാജ്‌പേയി സര്‍ക്കാരിനെതിരേ കൊണ്ടുവന്ന പ്രമേയമാണ് ഒടുവിലത്തെ അവിശ്വാസപ്രമേയം. വാജ്‌പേയി സര്‍ക്കാര്‍ വിജയിച്ചു.