മിസ്റ്റര്‍ ബീന്‍ അന്തരിച്ചെന്ന് വ്യാജ വാര്‍ത്ത: ആ ലിങ്കില്‍ ക്ലിക് ചെയ്താല്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഹാക്ക് ചെയ്യപ്പെടും

single-img
20 July 2018

ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുളള മിസ്റ്റര്‍ ബീന്‍ എന്ന പേരില്‍ അറിയപ്പെടുന്ന റോവന്‍ അറ്റ്കിന്‍സണ്‍ മരിച്ചുവെന്ന് വ്യാജവാര്‍ത്ത. ലോസ് ആഞ്ചല്‍സിലുണ്ടായ കാര്‍ അപകടത്തില്‍ റോവന്‍ മരിച്ചെന്നാണ് പ്രചരണം. ഫോക്‌സ് ന്യൂസിന്റെ ലിങ്കുപയോഗിച്ചാണ് വാര്‍ത്ത പ്രചരിച്ചത്.

എന്നാല്‍ ഇത്തരം ലിങ്കുകള്‍ കൊടും വൈറസ് പ്രചരിപ്പിക്കാനായി ഹാക്കര്‍ ഉപയോഗിക്കുന്നതായും തങ്ങളുടെതായി പുറത്തു വന്ന വാര്‍ത്ത വ്യാജമാണെന്നും ഫോക്‌സ് ന്യൂസ് വ്യക്തമാക്കി. റോവന്‍ അറ്റ്കിന്‍സന്റെ ചിത്രവും ആര്‍ഐപി എന്ന എഴുത്തിനുമൊപ്പമാണ് ഹാക്കര്‍മാര്‍ വീഡിയോ പ്രചരിപ്പിക്കുന്നത്.

വ്യാജ വാര്‍ത്തയുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്ന ആളുകളുടെ കംപ്യൂട്ടറിലും മൊബൈലിലും വൈറസ് കയറിപറ്റുകയും ബാങ്കിങ് ഉള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തി എടുക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. വൈറസ് കയറിയാല്‍ ഒരു സപ്പോര്‍ട്ടിങ് നമ്പറിലേയ്ക്ക് വിളിക്കാന്‍ ആവശ്യപ്പെടും.

അതിലേയ്ക്ക് വിളിച്ചാല്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്താനാകും ആവശ്യപ്പെടുക. ഇത്തരത്തില്‍ നിരവധി പേരുടെ പണം നഷ്ടപ്പെട്ടതായി ഫോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 2017 ലാണ് റോവന്‍ ആറ്റ്കിന്‍സണ്‍ മരിച്ചെന്ന തരത്തിലുള്ള വ്യാജ വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

ഈ ബുധനാഴ്ച്ച മുതലാണ് ഈ വ്യാജ വാര്‍ത്ത വൈറസ് കുത്തിനിറച്ച് വീണ്ടും പ്രചരിച്ച് തുടങ്ങിയത്. ലോകമെമ്പാടുമുളള ടി.വി പ്രേക്ഷകരുടെ ഇഷ്ടതാരമായതു കൊണ്ടാകും ഹാക്കര്‍മാര്‍ മിസ്റ്റര്‍ ബീനിനെ തെരഞ്ഞെടുത്തതെന്നാണ് നിഗമനം.