Latest News

പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം രാഹുല്‍ ഗാന്ധി മോദിയെ കെട്ടിപ്പിടിച്ച് പ്രസംഗം അവസാനിപ്പിച്ചു; അന്തംവിട്ട് മോദിയും കൂട്ടരും

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണം മുതല്‍ ജിഎസ്ടിയും തൊഴില്‍ വാഗ്ദ്ധാനങ്ങളും എണ്ണിയെണ്ണി ചോദിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

റാഫേല്‍ കരാര്‍ ഫ്രാന്‍സുമായുള്ള രഹസ്യ ഉടമ്പടിയാണെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. ഞാന്‍ ഫ്രഞ്ച് പ്രസിഡന്റുമായി നേരിട്ട് സംസാരിച്ചു. അത്തരത്തിലൊരു കരാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയില്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ മറുപടി. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്ത് 45000 കോടിയുടെ നേട്ടമുണ്ടാക്കി.

35000 കോടിയുടെ കടബാധ്യതയുണ്ടായിരുന്ന ഈ ബിസിനുസുകാരന് സ്വന്തമായി ഒരു വിമാനംപോലും ഉണ്ടായിരുന്നില്ല. എന്നാല്‍ സഭയില്‍ അഴിമതി ആരോപണങ്ങള്‍ മുന്‍കൂട്ടി അറിയിക്കാതെ ഉന്നയിക്കാന്‍ പാടില്ലെന്ന് ബിജെപി അംഗങ്ങള്‍ രാഹുലിന്റെ പ്രസംഗത്തിനിടയില്‍ കയറി പറഞ്ഞ് കൊണ്ടിരുന്നു.

പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് ഇതിനിടെ മറുപടി പറയാന്‍ സ്പീക്കര്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തു. കോണ്‍ഗ്രസ് ജിഎസ്ടി കൊണ്ടുവന്നപ്പോള്‍ എതിര്‍ത്ത നിങ്ങള്‍ എന്ത് കൊണ്ടാണ് ഭരണത്തില്‍ കയറിയപ്പോള്‍ ജിഎസ്ടി നടപ്പാക്കിയതെന്നും അദ്ദേഹം ചോദിച്ചു.

പ്രധാനമന്ത്രിയുടെ വിദേശ യാത്രയേ അടക്കം കടുത്ത ഭാഷയിലാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. പൊള്ളയായ വാഗ്ദാനങ്ങളുടെ ഒരു ഇരയാണ് ആന്ധ്രപ്രദേശ്. ഇത്തരത്തില്‍ ഒരുപാട് പൊള്ളയായ വാഗ്ദാന പെരുമഴ തന്നെ ബിജെപി സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. തൊഴില്‍ വാഗ്ദാനം നല്‍കി യുവാക്കളെ വഞ്ചിച്ചു.

കര്‍ഷകരേയും ചെറുകിട വ്യാപാരികളുടേയും ജീവിതം നോട്ട് നിരോധനം തകര്‍ത്തുവെന്നും രാഹുല്‍ പറഞ്ഞു. നിങ്ങള്‍ എത്രതവണ പരിഹസിച്ചാലും പപ്പുവെന്ന് വിളിച്ചാലും പ്രശ്‌നമില്ല. കോണ്‍ഗ്രസുകാര്‍ എന്ന് പറയുന്നത് എല്ലാവരോടും സഹിഷ്ണുത കാട്ടുന്നവരാണെന്നും അദ്ദേഹം കയ്യടികള്‍ക്കിടെ പറഞ്ഞു.

മോദിക്ക് തന്റെ കണ്ണില്‍ നോക്കാന്‍ പോലും ഭയമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രൂക്ഷ വിമര്‍ശനങ്ങളുള്ള പ്രംസംഗം പൂര്‍ത്തിയാക്കിയ ഉടന്‍ രാഹുല്‍ പ്രധാനമന്ത്രിയെ അരികില്‍ പോയി ആലിംഗനം ചെയ്തു കൈ നല്‍കി. ചിരിയോടെ പ്രധാനമന്ത്രിയും ഇതിനെ എതിരേറ്റു. ഞാനിത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. വ്യക്തിപരമായി എനിക്ക് നിങ്ങളോട് ദേഷ്യമൊന്നുമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണ് എന്നു പറഞ്ഞാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.

രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗം നടത്തുന്നതിനിടെ കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണം ബലപ്പെടുത്തുന്ന ചില രേഖകളും ട്വീറ്റ് ചെയ്തു. ഖത്തറും ഈജിപ്തും റാഫേല്‍ കമ്പനിയുമായി നടത്തിയ ഇടപാടുകളുടെ കണക്കുകളും ഇന്ത്യ നടത്തിയ ഇടപാടിന്റെ കണക്കും താരതമ്യം ചെയ്തുള്ളതാണ് രേഖകള്‍.