National

താങ്കള്‍ക്ക് എന്റെ കണ്ണുകളില്‍ നോക്കാനാവുന്നില്ലെന്ന് രാഹുല്‍ ഗാന്ധി; ഇതുകേട്ട പ്രധാനമന്ത്രിയുടെ പ്രതികരണം

അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പ്രസംഗം നടത്തുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ ഒരു പരാമര്‍ശം സഭയില്‍ ചിരി പടര്‍ത്തി. ഞാന്‍ പറയുന്നത് കേട്ട് പ്രധാനമന്ത്രി, താങ്കള്‍ ചിരിക്കുന്നത് എനിക്ക് കാണാം.

എന്നാല്‍ ആ ചിരിയില്‍ ഒരു പരിഭ്രമമുണ്ടെന്നും എനിക്കറിയാം. അദ്ദേഹത്തിനിപ്പോള്‍ എന്റെ കണ്ണുകളിലേക്ക് നോക്കാനാവുന്നില്ല. ഇതുകേട്ട് പ്രധാനമന്ത്രിയും മനസറിഞ്ഞ് ചിരിച്ചു. എന്നാല്‍ ഈ വാചകം ഹിന്ദിയില്‍ പറഞ്ഞപ്പോള്‍ അത് ശരിയായി ഉച്ഛരിക്കാന്‍ രാഹുലിന് കഴിയാഞ്ഞത് സഭയിലാകെ ചെറിയ ചിരി പടര്‍ത്തുകയും ചെയ്തു.

രാഹുലിന്റെ പ്രസംഗത്തിന്റെ അവസാനം അദ്ദേഹം ആലിംഗനം ചെയ്യാനായി അടുത്തെത്തിയപ്പോള്‍ അപ്രതീക്ഷിത നീക്കത്തില്‍ ചെറുതായൊന്ന് പതറിയെങ്കിലും രാഹുലിനെ തിരികെ വിളിച്ച് ഹസ്തദാനം ചെയ്ത് പുറത്തുതട്ടി അഭിന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല.

വെറും 38 മിനുട്ടുകള്‍ മാത്രമാണ് സഭയില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസിന് അനുവദിച്ചതെങ്കിലും അതില്‍ ഓരോ സെക്കന്റുകളും ഭരണപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തി രാഹുല്‍ തന്റേതാക്കി മാറ്റുകയായിരുന്നു.

അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിലൂടെ ദേശീയ തലത്തില്‍ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിന് ബിജെപിക്കതിരെ പ്രചാരണത്തിന് തുടക്കം കുറിക്കുകയാണ് പ്രധാനമായും പ്രതിപക്ഷ കക്ഷികള്‍ ലക്ഷ്യമിട്ടിരുന്നത്. അത് നടപ്പാക്കുന്ന രീതിയിലായിരുന്നു രാഹുലിന്റെ പ്രസംഗം. ബിജെപി അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് രാഹുലിന്റെ പ്രസംഗം പല തവണ തടസപ്പെട്ടു. എന്നിട്ടും രാഹുല്‍ കത്തിക്കയറി.

റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണം മുതല്‍ ജിഎസ്ടിയും തൊഴില്‍ വാഗ്ദ്ധാനങ്ങളും എണ്ണിയെണ്ണി ചോദിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. റാഫേല്‍ കരാര്‍ ഫ്രാന്‍സുമായുള്ള രഹസ്യ ഉടമ്പടിയാണെന്നാണ് പ്രതിരോധ മന്ത്രി പറഞ്ഞത്. ഞാന്‍ ഫ്രഞ്ച് പ്രസിഡന്റുമായി നേരിട്ട് സംസാരിച്ചു. അത്തരത്തിലൊരു കരാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയില്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ മറുപടി.

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്ത് 45000 കോടിയുടെ നേട്ടമുണ്ടാക്കി. 35000 കോടിയുടെ കടബാധ്യതയുണ്ടായിരുന്ന ഈ ബിസിനുസുകാരന് സ്വന്തമായി ഒരു വിമാനംപോലും ഉണ്ടായിരുന്നില്ല. മോദിക്കും അമിത് ഷായും അധികാരമില്ലാതെ നിലനില്‍ക്കാന്‍ സാധിക്കുകയില്ല. കോണ്‍ഗ്രസ് എന്താണെന്ന് തന്നെ മനസിലാക്കാന്‍ സഹായിച്ചത് ബിജെപിക്കാരാണ്. മോദിക്ക് ചൈനയുടെ താത്പര്യമാണ് പ്രധാനമെന്നും അദ്ദേഹം ആരോപിച്ചു.

വന്‍കിട വ്യവസായികളുമായി പ്രധാനമന്ത്രിക്ക് ബന്ധമുണ്ടെന്നും പൊള്ളവാക്കുകളാണ് അദ്ദേഹത്തിന്റെ പ്രധാന ആയുധമെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു. അധികാരത്തിലേറുന്നതിന് മുമ്പ് പ്രഖ്യാപിച്ച രണ്ട് കോടി തൊഴിലവസരങ്ങള്‍ എവിടെയെന്ന് ചോദിച്ച രാഹുല്‍ ജനങ്ങളുടെ അക്കൗണ്ടിലേക്ക് വരുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെയെന്നും ചോദിച്ചു.

മോദി ഭരണത്തിന് കീഴില്‍ ആകെ ഗുണമുണ്ടായത് കോട്ടിട്ട വ്യവസായികള്‍ക്കും അമിത്ഷായുടെ മകനും മാത്രം. പാവപ്പെട്ട കര്‍ഷകരെ പറ്റിക്കുകയും അവരെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്തു. കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ തയാറാകാത്ത മോദി രണ്ടര ലക്ഷം കോടിയോളം കോര്‍പ്പറേറ്റ് കടം എഴുതിതള്ളി.

പാര്‍ട്ടി അധ്യക്ഷന്റെ മകന്‍ കോടികളുടെ തട്ടിപ്പ് നടത്തിയപ്പോള്‍ പ്രധാനമന്ത്രി കണ്ണടച്ചു. ചില കമ്പനികളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് ലോകത്ത് എല്ലായിടത്തും ഇന്ധന വില കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ മാത്രം വര്‍ധിച്ചു. മോദിയുടെ പ്രധാന ആയുധം പൊള്ളായ വാഗ്ദാനങ്ങള്‍ മാത്രമാണ്. അധികാരമില്ലാത്ത നിലനില്‍ക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് എതിര്‍ശബ്ദങ്ങളെ മോദി സര്‍ക്കാര്‍ ഭയക്കുന്നത്.

പ്രധാനമന്ത്രിയുടെ വിദേശ യാത്രയേ അടക്കം കടുത്ത ഭാഷയിലാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. പൊള്ളയായ വാഗ്ദാനങ്ങളുടെ ഒരു ഇരയാണ് ആന്ധ്രപ്രദേശ്. ഇത്തരത്തില്‍ ഒരുപാട് പൊള്ളയായ വാഗ്ദാന പെരുമഴ തന്നെ ബിജെപി സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. കര്‍ഷകരേയും ചെറുകിട വ്യാപാരികളുടേയും ജീവിതം നോട്ട് നിരോധനം തകര്‍ത്തുവെന്നും രാഹുല്‍ പറഞ്ഞു. നിങ്ങള്‍ എത്രതവണ പരിഹസിച്ചാലും പപ്പുവെന്ന് വിളിച്ചാലും പ്രശ്‌നമില്ല. കോണ്‍ഗ്രസുകാര്‍ എന്ന് പറയുന്നത് എല്ലാവരോടും സഹിഷ്ണുത കാട്ടുന്നവരാണെന്നും അദ്ദേഹം കയ്യടികള്‍ക്കിടെ പറഞ്ഞു.

മോദിക്ക് തന്റെ കണ്ണില്‍ നോക്കാന്‍ പോലും ഭയമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രൂക്ഷ വിമര്‍ശനങ്ങളുള്ള പ്രംസംഗം പൂര്‍ത്തിയാക്കിയ ഉടന്‍ രാഹുല്‍ പ്രധാനമന്ത്രിയെ അരികില്‍ പോയി ആലിംഗനം ചെയ്തു കൈ നല്‍കി. ചിരിയോടെ പ്രധാനമന്ത്രിയും ഇതിനെ എതിരേറ്റു. ഞാനിത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. വ്യക്തിപരമായി എനിക്ക് നിങ്ങളോട് ദേഷ്യമൊന്നുമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണ് എന്നു പറഞ്ഞാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.

രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗം നടത്തുന്നതിനിടെ കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണം ബലപ്പെടുത്തുന്ന ചില രേഖകളും ട്വീറ്റ് ചെയ്തു. ഖത്തറും ഈജിപ്തും റാഫേല്‍ കമ്പനിയുമായി നടത്തിയ ഇടപാടുകളുടെ കണക്കുകളും ഇന്ത്യ നടത്തിയ ഇടപാടിന്റെ കണക്കും താരതമ്യം ചെയ്തുള്ളതാണ് രേഖകള്‍.