മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം ഇന്ന്; പഴുതടച്ച് അമിത് ഷാ

single-img
20 July 2018

നരേന്ദ്രമോദി സർക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയം ഇന്ന്‌ ലോക്‌സഭ പരിഗണിക്കും. അവിശ്വാസപ്രമേയത്തിലുള്ള ചർച്ചയ്ക്കും വോട്ടെടുപ്പിനുമായി ഇന്നത്തെ സമ്മേളനം പൂർണമായി നീക്കിവെച്ചിരിക്കുകയാണ്. 534 അംഗ സഭയിൽ 312 അംഗങ്ങളുടെ വ്യക്തമായ മുൻതൂക്കം ഭരണകക്ഷിയായ എൻ.ഡി.എ.യ്ക്കുള്ളതിനാൽ അവിശ്വാസം പാസാകാനിടയില്ല.
141 പേരുടെ പിന്തുണയാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. എന്നാൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുൻനിർത്തി രാഷ്ട്രീയപോരാട്ടത്തിനായിരിക്കും ഭരണ-പ്രതിപക്ഷ കക്ഷികൾ ചർച്ച വിനിയോഗിക്കുക.

അവിശ്വാസപ്രമേയ ചർച്ച സർക്കാരിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിക്കാനുള്ള അവസരമാക്കി മാറ്റാനാണ് കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചത്. ആൾക്കൂട്ട ആക്രമണം, നോട്ട് അസാധുവാക്കൽ ജിഎസ്ടി എന്നിവയ്ക്കു ശേഷമുള്ള ആശയക്കുഴപ്പം, കാർഷികമേഖലയിലെ തിരിച്ചടി, റഫാൽ അഴിമതി തുടങ്ങിയ വിഷയങ്ങൾ രാഹുൽ ഗാന്ധി ആയുധമാക്കും.

സംഖ്യയുടെ കളിയിൽ തിരിച്ചടി ഒഴിവാക്കാനാണ് ബിജെപി നീക്കം. 18 പേരുള്ള ശിവസേന, അമിത്ഷാ ഉദ്ധവ് താക്കറെയുമായി ടെലിഫോണിൽ സംസാരിച്ചതോടെ സർക്കാരിനൊപ്പമായെന്നാണ് വ്യക്തമാകുന്നത്. 37 അംഗങ്ങളുള്ള അണ്ണാ ഡിഎംകെയും 20 പേരുള്ള ബിജെഡിയും ഉൾപ്പെടെ 73 പേർ വിട്ടുനില്‍ക്കാനാണ് സാധ്യത.
എൻഡിഎയ്ക്ക് നിലവിൽ 314 പേരാണുള്ളത്.

ബിജുജനതാദളും ടിആർഎസും ശിവസേനയും നിലപാട് ഇന്ന് രാവിലെ പരസ്യമായി പ്രഖ്യാപിക്കും. അതേസമയം ഒറ്റക്കെട്ടായി ചർച്ചയിൽ സർക്കാരിനെതിരെ നീങ്ങാൻ കോൺഗ്രസ് ഉൾപ്പടെ 16 പാർട്ടികൾ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി രാത്രി ഏഴുമണിയോടെ സംസാരിക്കും. പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ പ്രതിപക്ഷത്തിന് തിരിച്ചടി നല്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി.

37 അംഗങ്ങളുള്ള അണ്ണാ ഡിഎംകെ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചത് ബിജെപിക്ക് ആശ്വാസമായി. വോട്ടെടുപ്പിൽ നിന്ന് അവർ വിട്ടുനിന്നേക്കും. എൻഡിഎയിൽ ശിവസേന ഒഴികെ 296 എംപിമാരുണ്ട്.
കോൺഗ്രസ് ഉൾപ്പെട്ട വിശാല പ്രതിപക്ഷത്ത് 147 പേരുടെ പിന്തുണയാണുള്ളത്. ടിഡിപിയി തൃണമൂൽ എന്നിവയിലെ ചില എംപിമാർ വിട്ടുനില്ക്കുമെന്ന അഭ്യൂഹമുണ്ട്. സംഖ്യയിൽ ജയിക്കാൻ കഴിയാത്ത പ്രതിപക്ഷത്തിന് സംവാദത്തിലെങ്കിലും വിജയിക്കേണ്ടത് അനിവാര്യമാകുകയാണ്.

ഇതുവരെ 26 അവിശ്വാസപ്രമേയങ്ങളാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. 1963-ലാണ് ആദ്യമായി ലോക്സഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. ജവാഹര്‍ലാല്‍ നെഹ്രു സര്‍ക്കാരിനെതിരേ ആചാര്യ കൃപലാനിയാണ് പ്രമേയം കൊണ്ടുവന്നത്. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നതിനാല്‍ സര്‍ക്കാര്‍ അവിശ്വാസത്തെ നിഷ്പ്രയാസം മറികടന്നു.

അംഗബലത്തില്‍ ദുര്‍ബലമായ കൂട്ടുകക്ഷി സര്‍ക്കാരുകള്‍ക്കെതിരേ കൊണ്ടുവന്ന പ്രമേയങ്ങളാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. 1979-ല്‍ മൊറാര്‍ജി ദേശായിയുടെ കൂട്ടുകക്ഷി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നേതാവ് വൈ.ബി. ചവാന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. സര്‍ക്കാര്‍ രാജിവെച്ചു. 1990-ല്‍ വി.പി. സിങ്, 1997-ല്‍ എച്ച്.ഡി. ദേവഗൗഡ 1999-ല്‍ എ.ബി. വാജ്പേയി എന്നിവര്‍ നയിച്ച സഖ്യസര്‍ക്കാരുകള്‍ അവിശ്വാസപ്രമേയത്തില്‍ വീണു. ഒരു വോട്ടിനാണ് വാജ്പേയി സര്‍ക്കാര്‍ വീണത്.

ഇന്ദിരാഗാന്ധി സര്‍ക്കാരാണ് ഏറ്റവും കൂടുതല്‍ അവിശ്വാസപ്രമേയങ്ങള്‍ നേരിട്ടത്. 15 തവണ പ്രതിപക്ഷം ഇന്ദിര സര്‍ക്കാരിനെ സഭയ്ക്കുള്ളില്‍ നേരിട്ടു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു പിന്നാലെ നരസിംഹറാവു സര്‍ക്കാരിനെതിരേ 1993-ല്‍ പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. 2003-ല്‍ സോണിയാഗാന്ധി വാജ്പേയി സര്‍ക്കാരിനെതിരേ കൊണ്ടുവന്ന പ്രമേയമാണ് ഒടുവിലത്തെ അവിശ്വാസപ്രമേയം. വാജ്പേയി സര്‍ക്കാര്‍ വിജയിച്ചു.

അവിശ്വാസം കൂടാതെ വിശ്വാസവും പ്രമേയത്തിലൂടെ ലോക്സഭ പരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യ-അമേരിക്ക ആണവക്കരാറിനെച്ചൊല്ലി കലഹിച്ച് ഇടതുപാര്‍ട്ടികള്‍ ഒന്നാം യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍ സര്‍ക്കാര്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചു. മന്‍മോഹന്‍ സര്‍ക്കാര്‍ പരീക്ഷണം വിജയിച്ചു.