അരിയില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന് തെളിഞ്ഞു; ഡബിള്‍ ഹോഴ്‌സിന്റെ അരി വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഉത്തരവ്

single-img
20 July 2018

ഡബിള്‍ ഹോഴ്‌സിന്റെ അരിയില്‍ മായമെന്ന് സര്‍ക്കാരിന്റെ പരിശോധനാ റിപ്പോര്‍ട്ട്. പച്ചരിയില്‍ തവിടും തവിടെണ്ണയും ചേര്‍ത്താണ് അരിക്ക് കളര്‍ നല്‍കിയതെന്ന് സര്‍ക്കാരിന്റെ പരിശോധനയില്‍ വ്യക്തമായി. ഇതോടെ മായം കണ്ടെത്തിയ ബാച്ചിലുള്ള അരി വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എം.ജി രാജമാണിക്യം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് 2006 പ്രകാരമുള്ള നിയമ നടപടി കമ്പനിക്കെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡബിള്‍ ഹോഴ്‌സിന്റെ മട്ട ബ്രോക്കണ്‍ അരി കഴുകുമ്പോള്‍ ബ്രൗണ്‍ നിറം മാറി തൂവെള്ളയാകുന്നുവെന്ന് കാണിച്ച് തിരുവനന്തപുരം ആല്‍ത്തറ സ്വദേശി ജെസി നാരായണ്‍ എന്ന സാമൂഹ്യ പ്രവര്‍ത്തക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് നടപടിക്ക് കാരണമായത്.

എന്നാല്‍ തങ്ങളെ കരിതേച്ചു കാണിക്കാന്‍ മന:പൂര്‍വം മറ്റ് ചിലര്‍ പിന്നില്‍ നിന്ന് നടത്തിയ പ്രചാരണമാണിതെന്നാണ് ഡബിള്‍ ഹോഴ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം സീനിയര്‍ മാനേജര്‍ ശശിധരന്‍ അന്ന് പറഞ്ഞിരുന്നത്. സര്‍ക്കാരിന്റെ പരിശോധനാ ഫലം പുറത്തു വന്നതോടെ കമ്പനി അധികൃതര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഡബിള്‍ ഹോഴ്‌സ് മട്ട ബ്രോക്കണ്‍ റൈസ് സൂപ്പറില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് ജെസി നാരായണന്‍ തെളിവുസഹിതം സ്ഥാപിക്കുന്ന വീഡിയോ സെയ്ദ് ഷിയാസ് മിര്‍സ തന്റെ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്തതോടെയാണ് വീഡിയോ വൈറലായത്.

ആദ്യ തവണ കഴുകുമ്പോള്‍ തന്നെ നിറം മാറുന്ന അരി മൂന്നുതവണ കഴുകുമ്പോഴേക്കും പച്ചരിയുടെ നിറത്തിലാകുന്നത് വീഡിയോയില്‍ കാണാമായിരുന്നു. ഒലിച്ചുപോയിരിക്കുന്നത് തവിടാണോ പെയിന്റാണോ എന്ന ചോദ്യത്തോടെയാണ് ജെസി വീഡിയോ തയ്യാറാക്കിയത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഉടനടി നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് രംഗത്തെത്തുകയായിരുന്നു. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ രാജമാണിക്യത്തിന്റെ നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥര്‍ ഡബിള്‍ ഹോഴ്‌സിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.