”വ്യാജരേഖകള്‍ ചമയ്ക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇടപെടുന്നത് രാജ്യത്തിന്റെ ചരിത്രത്തിലാദ്യം”; ആരോപണവുമായി കോണ്‍ഗ്രസ്

single-img
19 July 2018

അഗസ്‌റ്റാ വെസ്‌‌റ്റ്‌ലാൻഡ് ഹെലിക്കോപ്‌ടർ അഴിമതിക്കേസിൽ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ മൊഴി നൽകാൻ മദ്ധ്യസ്ഥനായ ക്രിസ്‌റ്റ്യൻ മൈക്കലിനെ കേന്ദ്രസർക്കാർ നിർബന്ധിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. കേസിൽ സോണിയയ്‌ക്കെതിരെ മൊഴി നൽകിയാൽ വെറുതേ വിടാമെന്നാണ് മൈക്കലിന് നൽകിയിരിക്കുന്ന വാഗ്‌ദ്ധാനം.

രണ്ട് ദിവസം മുമ്പാണ് ദുബായിയില്‍ നിന്ന് ക്രിസ്റ്റ്യന്‍ മിഷേല്‍ അറസ്റ്റിലായത്. അയാളുടെ അഭിഭാഷകന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത് സോണിയയെക്കുറിച്ച് വ്യാജപ്രസ്താവന നടത്താന്‍ ബിജെപി സര്‍ക്കാരും കേന്ദ്രഏജന്‍സികളും ചേര്‍ന്ന് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതികാര നടപടിയായി പ്രതിപക്ഷത്തിനെതിരെ വ്യാജരേഖകള്‍ ചമയ്ക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇടപെടുന്നത് രാജ്യത്തിന്റെ ചരിത്രത്തിലാദ്യാമായാണെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജെവാല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രണ്ടാം യു.പി. എ സർക്കാരിന്റെ കാലത്ത് അതിവിശിഷ്ട വ്യക്തികൾക്ക് സഞ്ചരിക്കാനായി 3600 കോടി രൂപയുടെ 12 ഹെലികോപ്ടറുകൾ വാങ്ങാനുള്ള കരാറിൽ 452 കോടിയുടെ അഴിമതി നടന്നുവെന്നാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട് വ്യോമസേന മുൻ മേധാവി എസ്.പി.ത്യാഗിയെ സി.ബി.ഐ അറസ്‌റ്റു ചെയ്തിരുന്നു. അഗസ്‌‌റ്റാ വെസ്‌‌റ്റ്‌ലാൻഡ് കമ്പനിക്ക് അനുകൂലമായി ഇളവ് തീരുമാനിച്ചത് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ഓഫീസാണെന്നും ത്യാഗി മൊഴി നൽകിയിരുന്നു.

ഇതിന് പിന്നാലെ ഡൽഹിയിലെ ഒരു രാഷ്ട്രീയ കുടുംബത്തിന് 120 കോടി രൂപ കൈക്കൂലി നൽകിയെന്ന തരത്തിൽ കോപ്ടർ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്‌റ്റ്യൻ മൈക്കലിന്റെ ഡയറിക്കുറിപ്പുകളും പുറത്തുവന്നു. ഇത് സോണിയാ ഗാന്ധിയുടെ കുടുംബമാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.