ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള നീക്കം വിവാദമാകുന്നു:മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് കമല്‍

single-img
19 July 2018

തിരുവനന്തപുരം: തിരുവനന്തപുരത്ത് അടുത്ത മാസം എട്ടിന് നടക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം വിവാദമാകുന്നു. ഈ തീരുമാനത്തിനെതിരെ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്.

ജൂറി അംഗം ഡോ.ബിജു, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം വി.കെ.ജോസഫ് എന്നിവര്‍ പരസ്യമായി രംഗത്തുവന്നു. മോഹന്‍ലാല്‍ വന്നാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഡോ.ബിജുവും, അവാര്‍ഡ് നേടിയവര്‍ക്കും മുഖ്യമന്ത്രിക്കുമാണ് പ്രാധാന്യം വേണ്ടതെന്ന് വി.കെ.ജോസഫും വ്യക്തമാക്കി.

അതേസമയം മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു.

നേരത്തെ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതിനെ ഡോ.ബിജു ഫെയ്‌സ്ബുക്കിലൂടെ ചോദ്യംചെയ്തിരുന്നു.