കോട്ടയത്ത് മഴ വീണ്ടും ശക്തമാകുന്നു; ആലപ്പുഴയിൽ ഗതാഗതതടസ്സം.

single-img
19 July 2018

കോട്ടയം : കോട്ടയത്ത് വീണ്ടും വെള്ളപ്പൊക്ക ഭീഷണി. ഇന്നലെ മഴയ്ക്ക് അല്‍പ്പം ശമനം ഉണ്ടാകുകയും താഴ്ന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ ജലനിരപ്പ് അല്‍പ്പം താഴുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ന് ഉച്ച മുതല്‍ വീണ്ടും മഴ ശക്തമായിരിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

അതിനിടെ, ജലനിരപ്പ് ഉയർന്നതിനെതുടർന്ന് തെന്മല പരപ്പാർ ഡാമിന്റെ മൂന്നു ഷട്ടറുകളും ഉയർത്തി. കല്ലടയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നു കൊല്ലം ജില്ലാ കലക്ടർ ഡോ. എസ്. കാർത്തികേയൻ അറിയിച്ചു.

തുടര്‍ച്ചയായ അഞ്ചാം ദിവസവും എസി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രണ്ടാം ദിവസമാണ് പൂര്‍ണമായും ഗതാഗതം മുടങ്ങുന്നത്. ഇന്നു രാവിലെ എസി റോഡിലൂടെ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി ശ്രമിച്ചെങ്കിലും തുടക്കത്തില്‍ത്തന്നെ വെള്ളം കയറി കിടക്കുന്നതിനാല്‍ സര്‍വീസ് വേണ്ടെന്നു വച്ചു.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ പ്രഫഷനല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കിഴക്കന്‍വെള്ളമെത്തിയതോടെ ആലപ്പുഴയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. അപ്പര്‍ കുട്ടനാടിന്റെ പല ഭാഗങ്ങളും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. നെടുമുടി, മങ്കൊമ്പ്, മാമ്പുഴക്കരി പ്രദേശങ്ങളില്‍ റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലാണ്.