കര്‍ദിനാളും കന്യാസ്ത്രീയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്;പീഡന പരാതി ലഭിച്ചിട്ടില്ലെന്ന കര്‍ദിനാളിന്റെ വാദം പൊളിയുന്നു

single-img
19 July 2018

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ വാദം പൊളിയുന്നു. കര്‍ദ്ദിനാളും കന്യാസ്ത്രീയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെയാണ് കര്‍ദ്ദിനാളിനെതിരെ കുരുക്ക് മുറുകുന്നത്.

താന്‍ പീഡനത്തിന് ഇരയായതിന് തെളിവുണ്ടെന്ന് കന്യാസ്ത്രീ കര്‍ദിനാളിനോട് ഫോണ്‍ സഭാഷണത്തില്‍ പറയുന്നുണ്ട്. കത്ത്​ തന്റെ കൈയിലുണ്ടെന്നും താന്‍ ഇടപെട്ടതായി ​വെളിപ്പെടുത്തരുതെന്നും കര്‍ദിനാള്‍ പറയുന്നു.

കാര്യങ്ങള്‍ എല്ലാം വഷളായികൊണ്ടിരിക്കയാണെന്ന്​ കന്യാസ്ത്രീ പറയുന്നു. എന്നാല്‍ എനിക്ക്​ നിങ്ങളു​ടെ മേല്‍ യാതൊരുവിധ അധികാരവുമില്ലെന്നും എന്തുചെയ്യാന്‍ കഴിയുമെന്നുമായിരുന്നു കര്‍ദിനാളിന്റെ മറുപടി.

ലത്തീന്‍ സഭയുടെ കീഴിലുള്ള സന്ന്യാസിനി സമൂഹമായതിനാല്‍ പരാതി ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയെ അറിയിക്കുക. തനിക്ക് വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുകയില്ല. പീഡനത്തിന് ഇരയായിട്ടുണ്ടെങ്കില്‍ അതു ദൗര്‍ഭാഗ്യകരമാണെന്നും കര്‍ദ്ദിനാള്‍ പറയുന്നു. പീഡന വിവരം താന്‍ ആരോടും തുറന്ന് പറയില്ല. താന്‍ ഈ വിവരം അറിഞ്ഞതായി പൊലീസ് ചോദ്യം ചെയ്താല്‍ പോലും പറയില്ല. ഈ പീഡനം തെളിയിക്കാന്‍ സാധിക്കുമോയെന്ന ആശങ്കയും കര്‍ദ്ദിനാള്‍ കന്യാസ്ത്രീയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പങ്കുവയ്ക്കുന്നുണ്ട്.

കന്യാസ്​ത്രീയുടെ പീഡനപരാതിയില്‍ പൊലീസ് നടത്തിയ മൊഴിയെടുപ്പില്‍ ബിഷപ്പിനെതിരായ പരാതി അറിയില്ലെന്നും കന്യാസ്ത്രീ ഇങ്ങനെയൊരു പരാതി നല്‍കിയിട്ടില്ലെന്നുമാണ്​ കര്‍ദിനാള്‍ വ്യക്തമാക്കിയിരുന്നത്. ഇത് പൂര്‍ണമായും ശരിയല്ലെന്ന്​ തെളിയിക്കുന്നതാണ്​ പുറത്തായിരിക്കുന്ന ഫോണ്‍ സംഭാഷണം.

 

https://youtu.be/jP6ybQNzgz8