ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനു ശേഷവും പരീക്ഷാര്‍ഥികള്‍ക്കു പരിശോധിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി

single-img
18 July 2018

ഉത്തര്‍പ്രദേശ് പബ്ലിക് സര്‍വീസ് കമ്മിഷനുമായി (യുപി പിഎസ്‌സി) ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ആവശ്യമെങ്കില്‍ മൂല്യനിര്‍ണയത്തിനു ശേഷവും ഉത്തരക്കടലാസ് പരിശോധനയ്ക്കു നല്‍കണമെന്ന നിര്‍ദേശം കോടതി നല്‍കിയത്.

വിദ്യാര്‍ഥിക്ക് ഉത്തരക്കടലാസ് നല്‍കുന്നതു പൊതുതാല്‍പര്യത്തെയോ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയോ യാതൊരു തരത്തിലും ബാധിക്കുകയില്ല. നേരത്തേ സിബിഎസ്ഇയും ആദിത്യ ബന്ദോപാധ്യായയും തമ്മിലുള്ള കേസില്‍ ഇക്കാര്യം വ്യക്തമാക്കിയതുമാണെന്നും ജസ്റ്റിസുമാരായ മദന്‍ ബി.ലോക്കുര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

യുപി സ്വദേശി മ്രാദുല്‍ മിശ്രയാണ് ഇതു സംബന്ധിച്ച ഹര്‍ജി നല്‍കിയത്. വിവരാവകാശ നിയമ പ്രകാരം ഉത്തരക്കടലാസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇദ്ദേഹത്തിനു നല്‍കിയില്ല. ഇതിനെ വെല്ലുവിളിച്ചു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു.

ഇതിനെതിരെയാണു മ്രാദുല്‍ സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷാര്‍ഥിക്ക് എപ്പോള്‍, എവിടെ വച്ച് ഉത്തരക്കടലാസുകള്‍ പരിശോധിക്കാനാകും എന്ന കാര്യത്തില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും യുപി പിഎസ്‌സിയോടു കോടതി നിര്‍ദേശിച്ചു.