ശബരിമലയിലെ ഭരണകാര്യങ്ങളില്‍ ഇടപെടില്ല; പരിഗണിക്കുന്നത് നിയമവശം: സുപ്രീംകോടതി

single-img
18 July 2018

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസില്‍ നിലപാട് വ്യക്തമാക്കി സുപ്രീംകോടതി. ക്ഷേത്ര ഭരണകാര്യത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ക്കും മേല്‍നോട്ടത്തിനും ദേവസ്വം ബോര്‍ഡ് ഉണ്ടെന്നും ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു.

ശബരിമലയില്‍ പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ ബുദ്ധവിശ്വസത്തിന്റെ തുടര്‍ച്ചയാണെന്നും നികുതിദായകരുടെ പണമാണ് ശബരിമലയിലേക്ക് എത്തുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആ വാദം സ്ഥാപിക്കണമെന്ന് കോടതി മറുപടി നല്‍കി. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.