കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകള്‍ റദ്ദാക്കി

single-img
18 July 2018

കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴി കടന്നുപോകുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്.

ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സപ്രസ്, കോട്ടയം-എറണാകുളം, എറണാകുളം- കോട്ടയം പാസഞ്ചര്‍, കൊല്ലം- എറണാകുളം മെമു, എറണാകുളം – കൊല്ലം മെമു തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

അതിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. പലയിടത്തും വെള്ളപ്പൊക്കം ജനജീവിതം ബുദ്ധിമുട്ടിലാക്കി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മന്ത്രിസഭാ യോഗം ഇന്ന് ചേരും. സഹായ പാക്കേജ് സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുത്തേക്കും. ഇന്ന് വൈകിട്ട് പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വ കക്ഷി പ്രതിനിധി സംഘം ദില്ലിക്ക് പുറപ്പെടും.

നാളെയാണ് കൂടിക്കാഴ്ച. കഞ്ചിക്കോട് കോച്ച് ഫാക്ടറി, കേരളത്തിനുള്ള റേഷന്‍ വിഹിതം വര്‍ധന എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുന്നത്. പ്രധാനമന്ത്രിക്കുള്ള മ്മോറാണ്ടത്തില്‍ കാലവര്‍ഷക്കെടുതിയും ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.