Latest News

മധ്യകേരളത്തില്‍ സംഹാരതാണ്ഡവമാടി മഴ; ഇന്ന് രണ്ടു മരണം; കോട്ടയം പട്ടണം വെള്ളത്തിലായി; എംസി റോഡില്‍ ഗതാഗതം നിര്‍ത്തി; എറണാകുളത്ത് ഗതാഗതതടസ്സം

മധ്യകേരളത്തില്‍ ശക്തമായ മഴ നാലാംദിവസവും തുടരുന്നു. ഇന്ന് രണ്ടുപേര്‍ മരിച്ചു. ചെലവന്നൂര്‍ കായലില്‍ വള്ളം മറിഞ്ഞ് വൈപ്പിന്‍ സ്വദേശി സുബ്രഹ്മണ്യനും തൃശൂര്‍ പുല്ലഴി കോള്‍പാടത്ത് ഷൊര്‍ണൂര്‍ സ്വദേശി കുന്നത്ത് ബിജോയിയുമാണ് മുങ്ങിമരിച്ചത്.

ആലപ്പുഴ എംസി റോഡില്‍ വെള്ളക്കെട്ടു തുടരുന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തി. എംസി റോഡ് തുടങ്ങുന്ന സ്ഥലത്തു വച്ചു തന്നെ റോഡ് ബ്ലോക്ക് ചെയ്ത് ഗതാഗതം നിരോധിച്ചു. കോട്ടയത്തേക്കുള്ള യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി അമ്പലപ്പുഴ വഴി തിരുവല്ലയ്ക്കു സര്‍വീസ് നടത്തുന്നുണ്ട്.

എറണാകുളം കത്രിക്കടവില്‍ മഴയെ തുടര്‍ന്നു റോഡില്‍ കുഴി രൂപപ്പെട്ടു. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. ഒരു മണിക്കൂറിലേറെ സമയമെടുത്താണ് ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുന്നത്. കോട്ടയം ജില്ലയിലെ കുമരകം, വൈക്കം തുടങ്ങി പടിഞ്ഞാറന്‍ മേഖലകളില്‍ വെളളപ്പൊക്കവും മഴക്കെടുതികളും അതിരൂക്ഷമാണ്.

മണിമലയാറും കരകവിഞ്ഞ് ഒഴുകുകയാണ്. കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി. പ്രകൃതി ദുരന്തത്തില്‍ കേരളത്തില്‍ ഇതുവരെയുള്ള നഷ്ടം 192.49 കോടി രൂപ. മെയ് 29 മുതല്‍ ജൂലൈ 18 രാവിലെ വരെയുള്ള കണക്കാണിത്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം–31.91 കോടി. ഇടുക്കി (24.19 കോടി), തൃശൂര്‍ (19.78 കോടി) എന്നീ ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലെന്ന് ലാന്‍ഡ് റവന്യു കമ്മിഷണറേറ്റ് അറിയിച്ചു.

കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ കാറ്റോടുകൂടി ഇന്നലെ രാത്രി കനത്ത മഴ പെയ്തു. മീനച്ചിലാറ്റില്‍ അപകടരേഖയ്ക്ക് മുകളിലാണ് ജലനിരപ്പ്. ഇതോടെ കോട്ടയം വഴിയുള്ള പത്തുട്രെയിനുകള്‍ റദ്ദാക്കി. മീനച്ചിലാറിന് കുറുകെയുളള പാലങ്ങളിലൂടെ വേഗം കുറച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്.

ശനിയാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതി തീവ്രമായ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റുണ്ടാകും. തെക്കന്‍ കേരളത്തില്‍ തിരുവനനന്തപുരത്ത് മഴക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. എന്നാല്‍ കടല്‍പ്രക്ഷുബ്ധമാണ്.

ശക്തമായ കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിപ്രദേശത്ത് കനത്ത നാശനഷ്ടം. കടലില്‍ സ്ഥാപിച്ച പൈലിങ് യൂണിറ്റുകളിലേക്കുള്ള അപ്രോച്ച് പാലം തിരയടിയില്‍ പൂര്‍ണമായി തകര്‍ന്നു. അപ്രോച്ച് പാലത്തിന്റെ ഉരുക്ക് അടിത്തറയുള്‍പ്പടെ ഇന്നലെയുണ്ടായ ശക്തമായ തിരയടിയില്‍ തകര്‍ന്നുവീഴുകയായിരുന്നു. പാലത്തിന് സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ദേവേന്ദ്രയ്ക്ക് പരുക്കേറ്റു.

പൈലിങ് യൂണിറ്റില്‍ കുടുങ്ങിയ 17 തൊഴിലാളികളെ ഇന്ന് പുറത്തെത്തിച്ചു. പദ്ധതി പ്രദേശത്തെ പുലിമുട്ടിന്റെ ഒരു ഭാഗവും തകര്‍ന്നു. ഇതോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചു. ഇവിടെ കടലില്‍ നിന്ന് ഡ്രഡ്ജ് ചെയ്‌തെടുത്ത കരയുടെ ഒരു ഭാഗവും തിരയെടുത്ത നിലയിലാണ്.