പി.സി.ജോര്‍ജിനെതിരേ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

single-img
18 July 2018

തിരുവനന്തപുരം: എം.എല്‍.എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ കൈയേറ്റം ചെയ്തുവെന്ന പരാതിയില്‍ പി.സി.ജോര്‍ജിനെ പ്രതിയാക്കി കുറ്റപത്രം. മ്യൂസിയം പൊലീസാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണു സംഭവം നടക്കുന്നത്. ഉച്ചയൂണ് എത്തിക്കാന്‍ വൈകിയതിന്റെ പേരില്‍ തന്നെ മര്‍ദിച്ചെന്നാണു ജീവനക്കാരന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി മനു പരാതി നല്‍കിയത്. കന്റീനില്‍നിന്നു മുറിയില്‍ ഊണ് എത്തിക്കാന്‍ ഒന്നര മണിയോടെ ജോര്‍ജ് ആവശ്യപ്പെട്ടു.

ചോറെത്തിക്കാന്‍ 20 മിനിറ്റ് താമസമുണ്ടായി. താന്‍ മുറിയിലെത്തുമ്പോള്‍ ജോര്‍ജ് കന്റീനില്‍ ഫോണ്‍ ചെയ്തു ചീത്ത പറയുകയായിരുന്നു. തന്നെയും ചീത്ത വിളിച്ചു. മുഖത്ത് അടിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ പിഎയും മര്‍ദിച്ചു. തന്റെ ചുണ്ടിലും കണ്ണിലും പരുക്കേറ്റു.

തുടര്‍ന്നു വൈകിട്ടു ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കന്റീന്‍ ജീവനക്കാരോട് ഈ എംഎല്‍എ മോശമായി പെരുമാറുന്നതു പതിവാണെന്നും മനു പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ 40 മിനിറ്റ് വൈകിയാണു തനിക്ക് ഊണ് എത്തിച്ചതെന്നാണു ജോര്‍ജിന്റെ ഭാഷ്യം. ഇത്രയും വൈകിയതിനെ അല്‍പം കടുപ്പിച്ചു ചോദ്യം ചെയ്തു എന്നല്ലാതെ ആരെയും തല്ലിയിട്ടില്ല. മനുവിന്റെ ചുണ്ടില്‍ പരുക്കേറ്റതിനെപ്പറ്റി അന്വേഷിക്കണമെന്നും എംഎല്‍എ അന്നു പറഞ്ഞിരുന്നു.